ദേശീയപാതയിൽ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് അപകടം, രണ്ട് യുവാക്കൾ മരിച്ചു
കാസർകോട്: മൊഗ്രാൽ പുത്തൂരിൽ ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ (26) എന്നിവരാണ് മരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയിലെ ജീവനക്കാരാണ്.
ഇന്നുച്ചയോടെയാണ് സംഭവം. ദേശീയപാത 66ൽ ക്രെയിൻ ഉപയോഗിച്ച് വഴിവിളക്ക് മാറ്റുന്നതിനിടെ ഇവർ നിന്ന ബാസ്‌കറ്റ് പൊട്ടിവീഴുകയായിരുന്നു. പ്രദേശത്തെ വഴിവിളക്കുകൾ കത്തുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇത് മാറ്റാനുള്ള ശ്രമത്തിനിടെയാണ് ഇലക്‌ട്രീഷ്യൻമാരായ യുവാക്കൾ ക്രെയിൻ പൊട്ടിവീണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്നാണ് ഇരുവരും താഴെവീണതെന്നാണ് വിവരം. ഇരുവർക്കും തലയ്ക്കടക്കം പരിക്കേറ്റിരുന്നു. അക്ഷയ്‌യുടെ മൃതദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും അശ്വിന്റെ മൃതദേഹം കാസർകോട്ടെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.