പാതാളം താപവൈദ്യുതി നിലയം വിസ്മൃതിയിലേക്ക്
കളമശ്ശേരി: സംസ്ഥാനത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാനായി സ്ഥാപിച്ച ഏലൂർ പാതാളത്തുള്ള താപവൈദ്യുതി നിലയം പൊളിച്ചുമാറ്റാൻ തുടങ്ങി. പ്ലാന്റിന്റെ ഭാഗങ്ങൾ ശേഖരിക്കുന്നത് ഒരു അമേരിക്കൻ കമ്പനിയാണ്. പ്രതിവർഷം 1100 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന നിലയം, കെ.എസ്.ഇ.ബി.യുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്ന് 2015ൽ ഉത്പാദനം നിർത്തിവയ്ക്കുകയായിരുന്നു. കുറഞ്ഞ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി ലഭിക്കുമെന്നതായിരുന്നു കെ.എസ്.ഇ.ബി. ഇതിന് കാരണമായി പറഞ്ഞത്.
നിയമനടപടികളും പൊളിച്ചുമാറ്റലും ഉത്പാദനം നിറുത്തിയിട്ടും, സ്റ്റോക്കുണ്ടായിരുന്ന 10,000 ലിറ്റർ നാഫ്ത ഉപയോഗിച്ച് 2017 വരെ നിലയം കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകിയിരുന്നു. എന്നാൽ, വൈദ്യുതിയുടെ വില കെ.എസ്.ഇ.ബി. നൽകിയില്ല. അതിനിടെ, പ്രകൃതി വാതകം ഉപയോഗിച്ച് ഉത്പാദനം തുടങ്ങാൻ പ്ലാന്റ് അധികൃതർ തയ്യാറെടുത്തിരുന്നു. എന്നാൽ, സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നിയമനടപടികൾ ആരംഭിച്ചതോടെ നിലയം പൊളിച്ചുമാറ്റാൻ തുടങ്ങി.
പ്രവർത്തനം നിറുത്തുമ്പോൾ 150ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിടുകയും ഉദ്യോഗസ്ഥരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
നിലയത്തിന്റെ ചരിത്രം 1996 ഏപ്രിൽ 4നാണ് ബി.എസ്.ഇ.എസ്. കേരള പവർ ലിമിറ്റഡ് എന്ന ഈ സ്വതന്ത്ര വൈദ്യുതി ഉത്പ്പാദന കമ്പനി സ്ഥാപിതമായത്. ബോംബെ സബർബൻ ഇലക്ട്രിസിറ്റി സപ്ലൈയും (ബി.എസ്.ഇ.എസ്.) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായിരുന്നു. 650 കോടി രൂപയുടെ ഈ പദ്ധതി 2001 നവംബർ 23ന് കമ്മിഷൻ ചെയ്തു. 165 മെഗാവാട്ടായിരുന്നു പ്ലാന്റിന്റെ ഉത്പാദന ശേഷി. 2006ൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഹരികൾ വാങ്ങി ഈ സ്ഥാപനത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്തു.
പ്ലാന്റ് പ്രവർത്തനത്തിന് ഇന്ധനമായി നാഫ്ത/എച്ച്.എസ്.ഡി. ആണ് ഉപയോഗിച്ചിരുന്നത്.