'വിശ്വാസ്യത കളയുന്ന ഒരു കാര്യവും ചെയ്തിട്ടില്ല'; വൈകാരിക കുറിപ്പ് പങ്കുവച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ

Thursday 11 September 2025 5:40 PM IST

നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച വൈകാരിക കുറിപ്പ് ശ്രദ്ധേയമാകുന്നു. നിങ്ങളോട് പങ്കുവയ്ക്കാത്ത ഒരു കാര്യവും എനിക്കില്ലെന്ന രീതിയിലാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒരൊറ്റ സിനിമയിലെങ്കിലും അഭിനയിക്കണമെന്ന കുഞ്ഞുന്നാളിലെ മോഹം കൊണ്ട് മാത്രമാണ് ഇവിടെ എത്തിനില്‍ക്കുന്നതെന്നും മരണം വരെ നിങ്ങള്‍ക്ക് മുന്നില്‍ ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു. അടുത്ത ബന്ധുവിന്റെ നാലുവയസുളള മകളെ പീഡനത്തിനിരയാക്കിയെന്ന കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടുകയാണ് നടൻ.

കൂട്ടിക്കൽ ജയചന്ദ്രന്റെ പോസ്റ്റിന്റെ പൂർണരൂപം

നിങ്ങളോട് പങ്കുവയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയിൽ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹതീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാർഗ്ഗികതയിലൂടെയും പോകാൻ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.

ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്ലും, കൂട്ടുകാരിലും 'ചിലർ' ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു...ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!

കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല!

എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' ഇത്തരം അസാദ്ധ്യമായ വിജയങ്ങളുൾപ്പടെ മുപ്പതോളം സിനിമകളിൽ പങ്കാവാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും., ദ്രോഹിച്ചവരെയും!

ഇതെല്ലാം എഴുതാൻ കാരണം, ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും, നിങ്ങളിൽ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്! ഇനി, ഞാനേത് ഷേപ്പിൽ വരുവെന്നറിയത്തില്ല! ഏത് ഷേപ്പിൽ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ.