ഗ്രൂപ്പില്ലാത്ത സൗഹൃദം ബാക്കിയാക്കി മടക്കം...
കൊച്ചി: സൗഹൃദങ്ങളിൽ ഗ്രൂപ്പോ, പാർട്ടിയോ നോക്കാത്ത ഗ്രൂപ്പ് നേതാവായിരുന്നു തങ്കച്ചൻ. നിലപാടുകളിൽ കൂറ് പുലർത്തി കരുണാകര പക്ഷത്ത് ഉറച്ചുനിന്നപ്പോഴും അതിരുകൾക്ക് അതീതമായ സൗഹൃദങ്ങൾ. കൊടിയുടെ നിറം നോക്കാതെ നിറഞ്ഞ ചിരിയോടെ ഏവരേയും ചേർത്തു നിറുത്തി. തന്നെ സമീപിച്ചിരുന്നവരെ കഴിയുന്ന രീതിയിൽ സഹായിച്ചു. ഘടകകക്ഷികളുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിക്കുന്നതിൽ ലീഡറുടെ ശിഷ്യനാണെന്നു പലവട്ടം തെളിയിച്ചു.
സൗമ്യ ഭാവവും ശബ്ദവും
രാഷ്ട്രീയ പോർവിളികളിൽ സൗമ്യ ശബ്ദവും ഭാവവുമായി വേറിട്ടു നിന്നു. നിയമസഭാ സ്പീക്കറായിരിക്കെ ഒരിക്കൽ പോലും ശബ്ദമുയർത്തേണ്ടി വന്നില്ല. പാർട്ടിയെ വെട്ടിലാക്കിയതുമില്ല. പാർട്ടിയിലെയും ഗ്രൂപ്പുകളിലെയും സമ്മർദ്ദങ്ങളെ പക്വതയോടെ കൈകാര്യം ചെയ്തു. യു.ഡി.എഫ് കൺവീനർ ആയിരിക്കെ, ഹൈക്കമാൻഡിന് ഇതു പലവട്ടം ബോദ്ധ്യമായി. എ ഗ്രൂപ്പിലെ ആര്യാടൻ മുഹമ്മദായിരുന്നു ഇഷ്ട സുഹൃത്തുകളിൽ ഒരാൾ. ഗ്രൂപ്പുയുദ്ധം മുറുകിയപ്പോഴും എല്ലാവർക്കും സ്വീകാര്യനായിരുന്നു. പൊതുജീവിതത്തിൽ അഴിമതി ആരോപണ വിധേയനാകാത്ത നേതാവെന്ന വിശേഷണവും സ്വന്തം.
പെരുമ്പാവൂരിന്റെ സ്വന്തം സ്വന്തം മണ്ഡലമായ പെരുമ്പാവൂരിന്റെ കാര്യത്തിൽ ഒരു 'വിട്ടുവീഴ്ചയും' ഇല്ലായിരുന്നു. ആവശ്യങ്ങൾ നേടിയെടുക്കാൻ പാർട്ടിക്കതീതമായ സൗഹൃദങ്ങൾ സഹായകമായി. എം.എൽ.എ ആയിരിക്കെ പെരുമ്പാവൂരിൽ കൊണ്ടുവന്ന പദ്ധതികളേറ. മാർത്തോമ്മാ കോളേജ്, ഫയർ സ്റ്റേഷൻ, കെ. എസ്. ഇ.ബി ഡിവിഷൻ ഓഫീസ് , കെ.എസ്.ഇ.ബി.സർക്കിൾ ഓഫീസ്, എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, ഡിവൈ.എസ്.പി ഓഫീസ്, പ്രിൻസിപ്പൽ അഗ്രിക്കൾചറൽ ഓഫീസ്, വാട്ടർ അതോറിട്ടി ഡിവിഷണൽ ഓഫീസ് , എം.എ.സി.ടി. കോടതി, പാത്തിപ്പാലം, തോട്ടുവ പാലം, വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കൂവപ്പടി ഗവ: പോളിടെക്നിക്ക് തുടങ്ങിയവ പെരുമ്പാവൂരിന് സമ്മാനിച്ച വികസന കാലഘട്ടമായിരുന്നു അത്. മുനിസിപ്പൽ ചെയർമാനായിരിക്കെയാണ് പെരുമ്പാവൂരിൽ ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാക്കിയത്. നഗരസഭാ മന്ദിരത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു.
പ്രായം കുറഞ്ഞ മുനി. ചെയർമാൻ
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായാണ് തങ്കച്ചന്റെ ജൈത്രയാത്രയുടെ തുടക്കം. പാർട്ടിയുടെ അടിത്തട്ടുമുതലുള്ള പ്രവർത്തന പരിചയം വിപുല സൗഹൃദ വലയമുണ്ടാക്കി. നാട്ടുകാർക്ക് അദ്ദേഹം തങ്കച്ചൻ ചേട്ടനായിരുന്നു. സ്പീക്കറായിരിക്കെ, പാമോലിൻ കേസടക്കം കത്തിക്കയറിയ വിവാദവിഷയങ്ങളെ നേരിട്ടത് ചെറുചിരിയോടെ. ശബ്ദമുയർത്തുകയോ പിണങ്ങുകയോ ചെയ്തില്ല. രാഷ്ട്രീയ ജീവിതം 1968 മുതൽ 1979 വരെയുള്ള 12 വർഷം പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനായിരുന്നു. പെരുമ്പാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്നത്. ബ്ളോക്ക് പ്രസിഡന്റ് 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡന്റ് 1982, 87, 1991, 1996 വർഷങ്ങളിൽ തുടർച്ചായി നാലു ടേമിൽ നിയമസഭയിൽ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചു. 2001ൽ കന്നി അംഗത്തിനിറങ്ങിയ സാജു പോളിനോട് പരാജയപ്പെട്ടു. 1991 ജൂലായ് 9 മുതൽ 1995 മേയ് 3 വരെ നിയമസഭാ സ്പീക്കർ തുടർന്ന് 1996 വരെ കൃഷിമന്ത്രി. 2004 മുതൽ 2018 വരെ യു.ഡി.എഫ്. കൺവീനർ
വക്കീലായി, വഴിമാറി ബി.എ, എൽഎൽ.ബി ബിിരുദങ്ങൾ പെരുമ്പാവൂരിലുള്ള പിതൃ സഹോദരൻ ഇട്ടി കുര്യൻ വക്കീലിന്റെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിച്ചെങ്കിലും പൊതുപ്രവർത്തനത്തിലേക്കു തിരിയുകയായിരുന്നു. വൈകാതെ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റായി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികളിൽ തിളങ്ങി.
നാട്ടുരുചികൾ ഇഷ്ടപ്പെട്ട കർഷകൻ
കർഷക കുടുംബത്തിൽ പിറന്ന തങ്കച്ചൻ നല്ലൊരു കർഷകനായിരുന്നു. പുലർച്ചെ അഞ്ചിന് എഴുന്നേറ്റാൽ അൽപം വ്യായാമം. പിന്നെ കൃഷിയിടത്തിലേക്ക്. വാഴയുടെയും തെങ്ങിന്റെയുമൊക്കെ അരികിൽ ദിവസവും എത്തി വിശേഷങ്ങൾ തിരക്കിയില്ലെങ്കിൽ അവർ പിണങ്ങുമെന്ന് അടുപ്പക്കാരോട് പറയുമായിരുന്നു. ഭക്ഷണപ്രിയനായിരുന്ന അദ്ദേഹത്തിന് നാടൻ ഭക്ഷണമായിരുന്നു ഇഷ്ടം. വാഴപ്പിണ്ടി തോരൻ, വാഴക്കൂമ്പ് തോരൻ, കാച്ചിൽ, ചേന, ചേമ്പ് പുഴുങ്ങിയത്, പുഴുക്ക് തുടങ്ങിയവ ഇഷ്ടവിഭവങ്ങളായിരുന്നു. എന്നാൽ ഭക്ഷണകാര്യത്തിൽ നിർബന്ധങ്ങൾ ഉണ്ടായിരുന്നില്ല. ആഘോഷങ്ങൾ ലളിതമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. എല്ലാ പിറന്നാളാഘോഷവും പെരുമ്പാവൂർ ഒന്നാം മൈലിലെ അനാഥമന്ദിരത്തിലെയും അല്ലപ്ര ബദ്സാദയിലെയും അന്തേവാസികൾക്കൊപ്പമായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും അവരോടൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനു മുടക്കം വന്നത് ഈ വർഷം മാത്രം.