അദ്വൈതാശ്രമത്തെ അവഹേളിച്ചു: ശ്രീനാരായണീയരുടെ നഗരസഭാ മാർച്ചിൽ പ്രതിഷേധം ഇരമ്പി

Friday 12 September 2025 1:38 AM IST
അദ്വൈതാശ്രമത്തിന്റെയും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരസഭ ഓഫീസ് മാർച്ച് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമം വളപ്പിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡും നശിപ്പിച്ച നഗരസഭയുടെ കിരാതനടപടിക്കെതിരെ ശ്രീനാരായണീയരുടെ നഗരസഭാ മാർച്ചിൽ പ്രതിഷേധം ഇരമ്പി.

അദ്വൈതാശ്രമത്തിന്റെയും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധമാർച്ച് ആഹ്വാനം ചെയ്തതെങ്കിലും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളും അണിനിരന്നു. അദ്വൈതാശ്രമത്തിൽ നിന്ന് നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്ത മാർച്ച് നഗരസഭാ കവാടത്തിൽ ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെഴ്സന്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. രാജൻ എന്നിവർ സംസാരിച്ചു.

സ്വാമിനി നാരായണ ചിത്പ്രകാശിനി, സ്വാമിനി നാരായണ ദർശനമയി, യോഗം ബോ‌ർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർ ടി.എസ്. സിജുകുമാർ, എം.എൻ. സത്യദേവൻ, ലത ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, സുനീഷ് പട്ടേരിപ്പുറം, സി.ഡി. സലിലൻ, ശശി തൂമ്പായിൽ, കെ.എം. രാജീവ്, പി.ആർ. രാജേഷ്, കെ.എൻ. ദിവാകരൻ, കെ.കെ. പീതാംബരൻ, പി.കെ. ശ്രീകുമാർ, ധരണീന്ദ്രൻ, സോമശേഖരൻ കല്ലിങ്കൽ, ബാബു കരിയാട് എന്നിവർ നേതൃത്വം നൽകി.