കേരളത്തിന്റെ ഒരു വന്ദേഭാരത് ട്രെയിന്‍ സംസ്ഥാനം വിട്ടു; മലയാളികളുടെ ആഗ്രഹം നടക്കാത്തത് മറ്റൊരു കാരണത്താല്‍

Thursday 11 September 2025 9:44 PM IST

തിരുവനന്തപുരം: മംഗളൂരു - തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ച മുതല്‍ 20 റേക്കുള്ള വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതോടെ പഴയ ട്രെയിന്‍ കേരളം വിട്ടു. മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നതിനാണ് കേരളത്തില്‍ നിന്ന് കൊണ്ടുപോയ 16 കോച്ചുള്ള ട്രെയിന്‍ ഉപയോഗിക്കുക. നേരത്തെ മധുരയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വീസിന് എട്ട് കോച്ചുള്ള റേക്ക് ആണ് ഉപയോഗിച്ചിരുന്നത്. പാലക്കാട് ഡിവിഷന്റെ കീഴിലാണ് മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് ഉള്‍പ്പെടുന്നത്. പാലക്കാട്, പൊള്ളാച്ചി വഴിയാണ് ട്രെയിന്‍ മധുരയില്‍ എത്തിച്ചത്.

കേരളത്തില്‍ സര്‍വീസ് നടത്തിയിരുന്ന 16 കോച്ചുകള്‍ കിട്ടിയതോടെ നിലവില്‍ അവിടെ സര്‍വീസ് നടത്തിയിരുന്ന എട്ട് കോച്ചുള്ള റേക്ക് മറ്റൊരു റൂട്ടിലേക്ക് പരിഗണിക്കും. അതേസമയം കേരളത്തില്‍ നിന്ന് വന്ദേഭാരത് മധുരയിലേക്ക് എത്തിയതോടെ എറണാകുളം - ബംഗളൂരു വന്ദേഭാരത് എന്ന സ്വപ്‌നം അടുത്തൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്നാണ് യാത്രക്കാരുള്‍പ്പെടെ കരുതുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് 16 കോച്ചുള്ള റേക്ക് മധുരയിലേക്ക് പോയതിന് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞത്.

എറണാകുളം - ബംഗളൂരു വന്ദേഭാരത് എന്നത് കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ഇത് അനുവദിച്ച് കിട്ടാത്തത് യഥാര്‍ത്ഥത്തില്‍ ബംഗളൂരുവില്‍ ട്രെയിന്‍ എത്തിച്ചേരുന്നതിന് സ്ലോട്ട് ഇല്ലാത്തതിനാല്‍ മാത്രമാണ്. ദക്ഷിണ റെയില്‍വേക്ക് താത്പര്യമുള്ള റൂട്ട് തന്നെയാണ് എറണാകുളം - ബംഗളൂരു വന്ദേഭാരത്. ബംഗളൂരുവിലെ വിവിധ സ്റ്റേഷനുകളില്‍ യാര്‍ഡുകളുടെ പണി പുരോഗമിക്കുന്നതിനാലും ഒപ്പം ട്രെയിന്‍ അറ്റകുറ്റപ്പണി നടത്താന്‍ സ്ഥലം ലഭിക്കാത്തതുമാണ് സര്‍വീസ് ആരംഭിക്കുന്നതിന് തടസ്സം.

കേരളത്തില്‍ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രിമാരും മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ എറണാകുളം - ബംഗളൂരു റൂട്ടില്‍ കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അനുവദിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ദക്ഷിണറെയില്‍വേയുടെ കൈവശം ആവശ്യത്തിന് വന്ദേഭാരത് ട്രെയിനുകളുണ്ട്. കേരളത്തിന്റെ ഒരു ട്രെയിന്‍ മധുരയിലേക്ക് പോയത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന് 20 കോച്ചുള്ള റേക്ക് അനുവദിച്ച അതേ ഉത്തരവില്‍ തന്നെ നിലവിലുള്ള 16 റേക്ക് മധുരയിലേക്ക് കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നതുമാണ്.