പി.കെ.ഫിറോസ് മായാവി: കെ.ടി.ജലീൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ മായാവിയാണ് പി.കെ.ഫിറോസെന്ന് ഡോ. കെ.ടി.ജലീൽ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നതിനിടെയാണ് പി.കെ.ഫിറോസ് വർഷങ്ങളായി ദുബായിലെ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുന്നത്. പി.കെ.ഫിറോസിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഫിറോസിനെ 'പൊളിറ്റിക്കൽ കുമ്പിടി" എന്നുപറഞ്ഞാൽ അത് ചെറുതാവും. തന്റെ ആരോപണങ്ങളെ ഫിറോസ് തള്ളി പറഞ്ഞില്ല. അഞ്ചേകാൽ ലക്ഷം രൂപയാണ് ദുബായിലെ കമ്പനിയിൽ നിന്ന് പി.കെ.ഫിറോസ് പ്രതിമാസം ശമ്പളമായി പറ്റുന്നത്. ഇത്രയും ശമ്പളം കിട്ടാൻ എന്തു ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. കമ്പനിയുടെ രേഖയിൽ മൂന്നു പേരേയുള്ളൂ. മൂന്ന് മാനേജർമാർ മാത്രം. ദുബായിൽ എവിടെയാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്? അതെല്ലാം പറയാൻ ഫിറോസ് ബാദ്ധ്യസ്ഥനാണ്. യൂത്ത് ലീഗ് പിരിച്ച ഭീമമായ തുക പി.കെ.ഫിറോസ് മുക്കിയിട്ടുണ്ട്. മലയാളം സർവകലാശാലയ്ക്ക് ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന തനിക്കെതിരെയുള്ള ആരോപണം അന്വേഷിക്കട്ടെയെന്നും കെ.ടി.ജലീൽ പറഞ്ഞു.