വേടന്റെ വളർച്ച ചിലരെ അസ്വസ്ഥരാക്കുന്നു: സഹോദരൻ

Friday 12 September 2025 2:55 AM IST

തൃശൂർ: റാപ്പർ വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വളർച്ച ഒരു കൂട്ടം ആളുകളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും സഹോദരൻ ഹരിദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസുകൾ കാരണം കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ആഗസ്റ്റ് 22ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ആദ്യമായാണ് ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നത്.

പരാതി കൊടുത്തതിന് ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ ഇല്ലാതാക്കുന്ന രീതിയിൽ അടുത്തിടെയാണ് ഇത്തരത്തിലൊരു വേട്ടയാടൽ വന്നുതുടങ്ങിയത്. കുടുംബത്തിന് വലിയ ട്രോമയുണ്ട്. വേടൻ പറയുന്ന രാഷ്ട്രീയവും അംബേദ്കർ, അയ്യങ്കാളി എന്നിവരെയുമെല്ലാം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കുമ്പോൾ തന്നെ രാഷ്ട്രീയമായി എതിർപ്പുണ്ട്.

മാദ്ധ്യമങ്ങളിലും പൊലീസിലും നീതിപീഠത്തിലും ഭരണകൂടത്തിലും പൂർണ്ണ വിശ്വാസമുണ്ട്. ഇൻഡസ്ട്രിയിൽ ഉള്ളവർ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. പൊലീസുകാരെല്ലാം മാന്യമായിട്ടാണ് പെരുമാറിയത്. അച്ഛൻ രണ്ടുതവണ ഹൃദയാഘാതം വന്നയാളാണ്. ടി.വിയിൽ മകനെപ്പറ്റി ഇങ്ങനെയുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ. ആലപ്പുഴയിലുള്ള സഹോദരിയോടും സുഹൃത്തുക്കൾ ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ വലിയ ട്രോമയാണ്. വേടന്റെ പരിപാടികൾ എടുക്കുന്നവർ സാമ്പത്തികമായി വലിയ ലോബി ഒന്നുമല്ല. അവർക്ക് കൂടി മെച്ചമുണ്ടാകുന്ന രീതിയിലാണ് പരിപാടികൾ ചെയ്തിരുന്നത്. അവരെയും ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ. അദ്ദേഹത്തിന്റെ പാട്ടുകൾ അവസാനിപ്പിക്കാൻ ഇടപെടുന്നത് ശരിയായ രീതിയല്ലെന്നും ഹരിദാസ് പറഞ്ഞു.