അയ്യപ്പ സംഗമത്തിന് അനുമതി; ഉപാധി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ 20ന് പമ്പാതീരത്ത് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ശബരിമല തീർത്ഥാടനത്തിന്റെ മഹിമ ആഗോള ശ്രദ്ധയിൽപ്പെടുത്തുക, 1,300 കോടിയുടെ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഫണ്ട് കണ്ടെത്തുക, തത്ത്വമസി പ്രചരിപ്പിക്കുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്യുക എന്നിവയാണ് അയ്യപ്പസംഗമത്തിന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു. സംഗമനടത്തിപ്പിൽ പങ്കില്ലെന്നും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള സർക്കാരിന്റെ വാദവും അംഗീകരിച്ച ദേവസ്വം ബെഞ്ച്, അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി. സർക്കാർ മതേതര മൂല്യങ്ങൾ ലംഘിച്ചുവെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും ഉത്തരവിൽ പറഞ്ഞു.
അതേസമയം, ചില നിബന്ധനകൾ കോടതി ഏർപ്പെടുത്തി. സംഗമത്തിനായി പിരിച്ചെടുക്കുന്ന തുക ഓഡിറ്റിംഗിന് വിധേയമായിരിക്കണം. സംഗമം കഴിഞ്ഞ് 45 ദിവസത്തിനകം കണക്കുകൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ മുഖേന ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
സംഗമത്തിന് തുക കണ്ടെത്തുന്നത് സ്പോൺസർഷിപ്പിലൂടെയാണെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ അതിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സംഗമത്തിന് പൊതുഖജനാവിൽ നിന്ന് പണം ചെലവഴിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം. പമ്പാനദിയുടെയും തീരത്തിന്റെയും പവിത്രത കർശനമായി കാത്തുസൂക്ഷിക്കണം. കന്നിമാസ പൂജകൾക്കും ദർശനത്തിനുമായി നട തുറന്നിരിക്കുന്ന വേളയിലാണ് അയ്യപ്പസംഗമം. സാധാരണക്കാരായ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
സ്പോൺസർമാർക്ക്
പ്രിവിലേജ് പാടില്ല
1. സ്പോൺസർമാർക്ക് ദർശനത്തിനും മറ്റും പ്രത്യേക പ്രിവിലേജ് കാർഡ് നൽകരുത്.
2. മുഖ്യമന്ത്രിയടക്കമുള്ള വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണം തീർത്ഥാടനത്തെ ബാധിക്കരുത്.
3. സംഗമത്തിനുള്ള താത്കാലിക, സ്ഥിരം നിർമ്മിതികൾ പരിസ്ഥിതി സൗഹൃദമായിരിക്കണം.
4. പ്ലാസ്റ്റിക് പാടില്ല. മാലിന്യങ്ങൾ ഉടനടി നീക്കംചെയ്ത് സംസ്കരിക്കണം
5. ജനക്കൂട്ട നിയന്ത്രണം ഫലപ്രദമായിരിക്കണം, ദൈനംദിന കാര്യങ്ങൾക്കു തടസമുണ്ടാകരുത്