അയ്യപ്പ സംഗമത്തിന് പമ്പ ഒരുങ്ങുന്നു
പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങൾ തുടങ്ങി. പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപ പ്രദേശത്ത് ജർമ്മൻ സേങ്കേതിക വിദ്യയിൽ 30,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന പന്തലിന്റെ നിർമ്മാണം ഇന്നലെ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനം നടക്കുന്ന ഇവിടെ 3000 ആളുകൾക്ക് ഇരിക്കാം. വി.ഐ.പികളെ സ്വീകരിച്ചിരുത്താൻ പ്രത്യേക ലോഞ്ച്, കോൺഫറൻസ് ഹാൾ, ഡയനിംഗ് ഹാൾ, വിശ്രമമുറികൾ, എക്സിബിഷൻ ഹാൾ തുടങ്ങിയവ പ്രത്യേകം നിർമ്മിക്കും. പ്ളൈവുഡ് നിരത്തിയാണ് തറ ഒരുക്കുന്നത്. മുകളിൽ ചൂട് ഇറങ്ങാത്ത ഷീറ്റുകൾ വിരിക്കും. ഇന്നും നാളെയുമായി ക്രെയിൻ ഉപയോഗിച്ച് മേൽക്കൂര ഉയർത്തും. എല്ലാ പന്തലുകളിലും ശീതീകരണ സംവിധാനമുണ്ട്. എറണാകുളം കേന്ദ്രമായ ഏജൻസിക്കാണ് പന്തലിന്റെ കരാർ നൽകിയിരിക്കുന്നത്. 14 തൊഴിലാളികളാണ് പന്തൽ നിർമ്മിക്കുന്നത്.
ശബരിമല വികസനം പ്രധാന അജണ്ടയാക്കി ഈ മാസം 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് വിദേശങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം എത്തുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ സമ്മേളനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് പമ്പയിൽ ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സ്ഥിരം പന്തലുകൾ 15ന് മുൻപ്
പമ്പയിൽ നിർമ്മാണത്തിലിരിക്കുന്ന സ്ഥിരം നടപ്പന്തലുകൾ അയ്യപ്പസംഗമത്തിന് മുന്നോടിയായി ഈ മാസം 15ന് പൂർത്തിയാകും. നാലു പന്തലുകളാണ് നിർമ്മാണത്തിൽ. മേൽക്കൂരയും തറയുമാണ് ഇനി പൂർത്തിയാകാനുള്ളത്. കഴിഞ്ഞ തീർത്ഥാടന കാലത്തിനു മുൻപായി ആറു പന്തലുകൾ നിർമ്മിച്ചിരുന്നു.
പമ്പയിലെ മരാമത്ത് ഓഫീസിന്റെയും ഗസ്റ്റ് ഹൗസിന്റെയും പെയിന്റിംഗ് ജോലികളും ടോയ്ലറ്റിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. വൃക്ഷത്തറകളുടെയും കൽപ്പടവുകളുടെയും അറ്റകുറ്റപ്പണികൾ പൂരോഗമിക്കുന്നു. പമ്പ ഗണപതി ക്ഷേത്രത്തിലും പരിസരത്തും അറ്റകുറ്റപ്പണികൾ നാളെ ആരംഭിക്കും.
തകർന്ന് ചാലക്കയം - പമ്പ റോഡ്
ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചാലക്കയം-പമ്പ റോഡ് പൊളിഞ്ഞുകിടക്കുന്നു. ടാറിംഗ് ഇളകി വൻ ഗർത്തങ്ങൾ രൂപപ്പെട്ട റോഡിൽ അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു. പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് കമ്പികൾ കെട്ടി. നിർമ്മാണം മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്. ഇലവുങ്കൽ -ചാലക്കയം റോഡിന്റെ നവീകരണം തുടങ്ങി. കുഴികൾ അടയ്ക്കലും വശങ്ങൾ കോൺക്രീറ്റു ചെയ്യലുമാണ് നടക്കുന്നത്.