മിസോറാം, റെയിൽവേ ഭൂപടത്തിൽ
വികസനത്തിനായി കാത്തിരിക്കുന്ന ഒരു വിദൂര അതിർത്തി പ്രദേശമായാണ് വടക്കുകിഴക്കൻ മേഖലയെ പതിറ്റാണ്ടുകളായി എല്ലാവരും കണക്കാക്കിയിരുന്നത്. പുരോഗതിക്കായുള്ള അഭിലാഷങ്ങൾ പേറി, അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും എത്തിപ്പിടിക്കാനാവാത്ത അവസ്ഥയിൽ തുടരുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ആക്ട് ഈസ്റ്റ് നയം ഇതെല്ലാം പഴങ്കഥയാക്കി മാറ്റി. വിദൂരമായ അതിർത്തി പ്രദേശമെന്ന നിലയിൽ നിന്ന്, രാജ്യത്തിന്റെ മുൻനിര പ്രദേശങ്ങളിലൊന്നായി ഇപ്പോൾ വടക്കുകിഴക്കൻ മേഖല അംഗീകരിക്കപ്പെട്ടിരിക്കുന്നു.
റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ കണക്ടിവിറ്റി എന്നീ മേഖലകളിലെ റെക്കാഡ് നിക്ഷേപത്തിലൂടെയാണ് ഈ പരിവർത്തനം സാദ്ധ്യമായത്. സമാധാന കരാറുകൾ സ്ഥിരത കൊണ്ടുവന്നു. ഗവൺമെന്റ് പദ്ധതികളിൽ നിന്ന് ഇപ്പോൾ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു. സ്വാതന്ത്ര്യാനന്തരം ആദ്യമായി, ഇന്ത്യയുടെ വികസന ഗാഥയുടെ കേന്ദ്രമായി വടക്കുകിഴക്കൻ മേഖല വീക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന്, റെയിൽവേ നിക്ഷേപങ്ങളിൽ, 2009- 14 നെ അപേക്ഷിച്ച് ഈ മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം അഞ്ചുമടങ്ങ് വർദ്ധിച്ചു. ഈ സാമ്പത്തിക വർഷം മാത്രം വകയിരുത്തിയിരിക്കുന്നത് 10,440 കോടി രൂപയാണ്. നിലവിൽ ₹77,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ പുരോഗമിക്കുന്നു. വടക്കുകിഴക്കൻ മേഖല ഇത്തരത്തിലുള്ള റെക്കാഡ് നിക്ഷേപത്തിന് മുമ്പെങ്ങും സാക്ഷ്യം വഹിച്ചിട്ടില്ല.
മിസോറാമിൽ ഇതാദ്യം
ഈ വളർച്ചാ ഗാഥയിലെ അവിഭാജ്യഘടകമാണ് മിസോറാം. സമ്പന്നമായ സംസ്‌കരത്തിനും കായിക പ്രേമത്തിനും മനോഹരമായ കുന്നുകൾക്കും പേരുകേട്ട സംസ്ഥാനം. എന്നാൽ, പതിറ്റാണ്ടുകളായി, കണക്ടിവിറ്റിയുടെ മുഖ്യധാരയിൽ നിന്ന് സംസ്ഥാനം അകന്നുനിന്നു.
റോഡ്, വ്യോമ കണക്ടിവിറ്റി പരിമിതമായിരുന്നു. തലസ്ഥാന നഗരത്തിൽ പോലും റെയിൽവേ എത്തിയിരുന്നില്ല. അഭിലാഷങ്ങൾ ശക്തവും സജീവവുമായിരുന്നെങ്കിലും വളർച്ചയുടെ ധമനികൾ ദൃശ്യമായിരുന്നില്ല. ഇപ്പോൾ സാഹചര്യം അടിമുടി മാറിയിരിക്കുന്നു.
ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബൈറാബി- സൈരാങ് റെയിൽപ്പാത ഉദ്ഘാടനം ചെയ്യുന്നത് മിസോറാമിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്. ₹8,000 കോടിയിലധികം ചെലവിൽ നിർമ്മിച്ച 51 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഐസ്വാളിനെ ആദ്യമായി ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും.
ഇതോടൊപ്പം, സൈരാങ്- ഡൽഹി (രാജ്‌ധാനി എക്‌സ്പ്രസ്), കൊൽക്കത്ത (മിസോറാം എക്‌സ്പ്രസ്), ഗുവാഹത്തി (ഐസ്‌വാൾ ഇന്റർസിറ്റി) എന്നീ മൂന്ന് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
അതീവ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയിൽപ്പാത കടന്നുപോകുന്നത്. ഇന്ത്യൻ റെയിൽ ശൃംഖലയിലേക്ക് മിസോറാമിനെ ബന്ധിപ്പിക്കുന്നതിനായി റെയിൽവേ എൻജിനിയർമാർ 143 പാലങ്ങളും 45 തുരങ്കങ്ങളും നിർമ്മിച്ചു. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ളതാണ് നിർമ്മിക്കപ്പെട്ട ഒരു പാലം. വാസ്തവത്തിൽ, ഹിമാലയൻ ഭൂപ്രകൃതിയിലെ പ്രായോഗികത കണക്കിലെടുത്ത്, മറ്റെല്ലാ ഹിമാലയൻ പാതകളെയും പോലെ ഒരു പാലം, തുടർന്ന് ഒരു തുരങ്കം, തുടർന്ന് ഒരു പാലം എന്നിങ്ങനെയാണ് ഈ റെയിൽപ്പാതയും നിർമ്മിച്ചിരിക്കുന്നത്.
മേഖലയെ കാത്തിരിക്കുന്ന നേട്ടങ്ങൾ
വളർച്ചയുടെ എൻജിനായി റെയിൽവേ കണക്കാക്കപ്പെടുന്നു. ഇത് പുതിയ വിപണികളെ ബന്ധിപ്പിക്കുകയും വ്യാപാര അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മിസോറാമിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ റെയിൽപ്പാത ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.
മിസോറാമിൽ നിന്ന് രാജധാനി എക്സ്പ്രസ് ആരംഭിക്കുന്നതോടെ, ഐസ്വാളിനും ഡൽഹിക്കും മദ്ധ്യേയുള്ള യാത്രാസമയം 8 മണിക്കൂർ കുറയും. പുതിയ എക്സ്പ്രസ് ട്രെയിനുകൾ ഐസ്വാൾ, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള യാത്ര വേഗത്തിൽ പൂർത്തിയാക്കാനും സുഗമമാക്കാനും സഹായിക്കും.
കർഷകർക്ക്, വിശിഷ്യാ മുള കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക്, അവരുടെ ഉത്പന്നങ്ങൾ വിശാലമായ വിപണികളിലേക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കാൻ സാധിക്കും.
ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ ചരക്ക് നീക്കം സുഗമമാകും. മിസോറാമിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വഴിതെളിയുന്നതോടെ വിനോദസഞ്ചാരത്തിനും ഉത്തേജനം ലഭിക്കും.
അതിർത്തിപ്രദേശങ്ങൾ
മുൻ നിരയിലേക്ക്
റോഡുകൾക്കും സ്ക്കൂളുകൾക്കും റെയിൽവേക്കുമായി കാത്തിരിക്കാനാണ് പതിറ്റാണ്ടുകളായി മിസോറാമിലെ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയ്ക്കായി പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ദർശനത്തിന് ഉത്തമോദാഹരണമാണ് ഈ പദ്ധതികൾ. ഒരുകാലത്ത് കേവലം അതിർത്തിയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ ഇന്ത്യൻ വളർച്ചയുടെ പതാകവാഹകരായി വാഴ്ത്തപ്പെടുന്നു.