ധനകാര്യ കമ്മിഷന് നിവേദനം നൽകി

Friday 12 September 2025 2:59 AM IST

ന്യൂഡൽഹി: 2026 ഏപ്രിൽ മുതൽ അഞ്ചു വർഷത്തേക്ക് സംസ്ഥാനങ്ങളുടെ വിഹിതമടക്കം ശുപാർശ ചെയ്യുന്ന 16ാം ധനകാര്യ കമ്മിഷന് നിവേദനം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജി.എസ്.ടി പരിഷ്കരണംമൂലം സംസ്ഥാനത്തിന് 8000- 10,000 കോടിവരെ വാർഷിക റവന്യു നഷ്‌ടമുണ്ടാകും. ഇക്കാര്യം കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗരിയയുടെ ശ്രദ്ധയിൽപ്പെടുത്തി.

യു.എസിന്റെ പ്രതികാരത്തീരുവയും കേരളത്തെ ബാധിക്കും. സമുദ്രോത്പന്നങ്ങൾ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, കയർ തുടങ്ങിയ മേഖലകളിലായി 2500 കോടിയുടെ നഷ്‌ടമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 15ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേരളത്തിനാണ് ഏറ്റവും കുറവ് വിഹിതം (1.92%) കിട്ടിയത്. കേരളത്തിന്റെ ആവശ്യങ്ങൾ കമ്മിഷൻ അനുകൂലമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.