ബിനോയ് വിശ്വം തുടരും, സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

Friday 12 September 2025 12:01 AM IST

ആലപ്പുഴ: 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ഐകകണ്ഠ്യേന തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.

കെ.പ്രകാശ് ബാബുവിന്റെ പേര് ഒരുപക്ഷം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഉയർത്തിയെങ്കിലും പാർട്ടിക്കുള്ളിൽ ചേരിതിരി​വുണ്ടാക്കി പദവി നേടാനുള്ള താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി. പഴയ കാനം പക്ഷക്കാരും മന്ത്രിമാരുമായ കെ.രാജൻ, പി.പ്രസാദ്, പി.പി.സുനീർ, പി.സന്തോഷ് കുമാർ എം.പി എന്നിവർ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെ.ഇ.ഇസ്മയിൽ പക്ഷം അശക്തരാവുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറി പദം ഒറ്രപ്പേരിലേക്ക് ഒതുങ്ങിയത്.

2022ലെ തിരുവനന്തപുരം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ 23 ഡിസംബറിൽ മരണമടഞ്ഞതോടെയാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. ഇത്തവണ ആ പദവിയിൽ തുടരാനായാൽ സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് വർദ്ധിച്ച ആത്മവിശ്വാസത്തോടെ ചുമതലകൾ നിർവഹിക്കാം.

അസിസ്റ്രന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ പ്രായപരിധി കടന്നതിനാൽ ഒഴിവാകും. പി.പി.സുനീറാണ് മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി. മന്ത്രി കെ.രാജൻ അസിസ്റ്റന്റ് സെക്രട്ടറി ആവാൻ സാദ്ധ്യതയുണ്ട്. പി.സന്തോഷ് കുമാർ എം.പി, മന്ത്രി ജി.ആർ.അനിൽ എന്നിവരും പരിഗണിക്കപ്പെട്ടേക്കും.

സംസ്ഥാന കൗൺസിലിലെ പ്രായപരിധി 75വയസ് എന്നത് മാറ്രില്ല. ഇ.ചന്ദ്രശേഖരനു പുറമെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളിൽ ഏഴ് പ്രമുഖരെ ഒഴിവാക്കും. സി.എൻ.ജയദേവൻ, കെ.ആർ.ചന്ദ്രമോഹൻ, സി.ചാമുണ്ണി, ടി.വി.ബാലൻ, കെ.കെ.ശിവരാമൻ, ജെ.വേണുഗോപാലൻ നായർ, പി.കെ. ക‌ൃഷ്ണൻ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖർ. 101 അംഗ സംസ്ഥാന കൗൺസിലിൽ ഇപ്പോൾ 95 പേരാണുള്ളത്.