നന്മ ബ്രാൻഡിൽ എത്തും 10 ഉത്പന്നങ്ങൾ

Friday 12 September 2025 2:02 AM IST

ആലപ്പുഴ : 'മെയ്ഡ് ഇൻ കേരള' പദ്ധതിയുടെ ഭാഗമായി കേരള ബ്രാൻഡിൽ കാപ്പി, ചായ, തേൻ, നെയ്യ്, പാക്ക് ചെയ്ത കുടിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി പൈപ്പുകൾ, സർജിക്കൽ റബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ 10ഉത്പന്നങ്ങൾ കൂടി വിപണിയിലെത്തും.

ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് നന്മ എന്ന ബ്രാൻഡ് ലോഗോ നൽകും. ഇവരുടെ ഉത്പന്നങ്ങളുടെ പാക്കറ്റ്, പരസ്യം തുടങ്ങിയവയിൽ ലോഗോയും ക്യുആ‌ർ കോഡും ഉപയോഗിക്കാം. 2023ലെ സംസ്ഥാന വ്യവസായനയത്തിൽ അവതരിപ്പിച്ച പ്രധാനപ്രഖ്യാപനങ്ങളിലൊന്നായിരുന്നു കേരളത്തിലെ ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് 'മെയ്ഡ് ഇൻ കേരള' പദ്ധതി നടപ്പാക്കുകയെന്നത്. കേരളത്തിലെ ഉത്പന്നങ്ങൾക്ക് ലോകവ്യാപകമായി വിശ്വാസ്യത ഉറപ്പാക്കുന്നതിനാണ് ബ്രാൻഡിംഗ് നൽകുന്നത്. ഇതുവരെ സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്കുമാത്രമാണ് കേരള ബ്രാൻഡ് നൽകിയിരുന്നത്. ഇപ്പോൾ ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയ്ക്ക് ബ്രാൻഡ് നല്കുന്നതിനുള്ള പ്രവ‌ർത്തനങ്ങൾ നടന്നുവരുന്നു. നവംബറിൽ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അംഗീകാരം നൽകിത്തുടങ്ങാനാണ് തീരുമാനം. 10 ഉത്പന്നങ്ങൾക്കായി 100 യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

നിർമ്മാണം പൂർണമായും കേരളത്തിലാകണം

കേരള ബ്രാൻഡ് ലഭിച്ചാൽ ഉത്പന്നങ്ങൾക്ക് വിശ്വാസ്യത കൂടും. സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാത്തരത്തിലുമുള്ള പ്രോത്സാഹനം ഈ ഉത്പന്നങ്ങൾക്ക് ലഭിക്കും.അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാകും

 കേരള ബ്രാൻഡായി അംഗീകരിക്കപ്പെടണമെങ്കിൽ ഉത്പന്നം പൂർണമായും കേരളത്തിൽ ഉത്പാദിപ്പിക്കുന്നതായിരിക്കണം. അസംസ്കൃത വസ്തുക്കൾ കേരളത്തിൽ ലഭ്യമാകുന്നവയാണെങ്കിൽ ഇവിടന്ന് തന്നെ വാങ്ങണം

ഗുണനിലവാരം മുൻനിറുത്തിയാണ് സംരംഭകരെ കേരള ബ്രാൻഡിൽ ഉൾപ്പെടുത്തുക. ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ്/ രജിസ്ട്രേഷൻ, ബി.ഐ.എസ്, അഗ്മാർക്ക്, ഐ.എസ്.ഒ മാനദണ്ഡങ്ങൾ ഉണ്ടാവണം. നിർമ്മാണ ഘട്ടത്തിൽ ഒരിക്കലും ബാലവേല പാടില്ല.

 സുരക്ഷിതവും വൃത്തിയുമുള്ള അന്തരീക്ഷമായിരിക്കണം. സ്ത്രീസൗഹൃദ തൊഴിലിടമായിരിക്കണം, എസ്.സി/എസ്.ടി വിഭാഗം, ട്രാൻസ്ജൻഡർ വ്യക്തികൾ, സ്ത്രീകൾ എന്നിവർക്ക് തൊഴിലവസരം ഉറപ്പാക്കണം