റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം; മൂക്കുപൊത്തി ട്രെയിനിൽ കയറാം
തിരുവല്ല : റെയിൽവേ സ്റ്റേഷൻ റോഡിലും പരിസരങ്ങളിലും അറവുശാലകളിലെ മാലിന്യങ്ങൾ ചാക്കിലാക്കി തള്ളുന്നു. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധമാണ്. തിരുവല്ല - മല്ലപ്പള്ളി റോഡിൽ ടി.എം.എം ആശുപത്രിക്ക് സമീപത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ ആമല്ലൂർ ഭാഗത്തേക്ക് പോകുന്ന പുതിയ റെയിൽവേ മേൽപ്പാലത്തിന് സമീപത്താണ് ചാക്കിൽ നിറച്ച മാലിന്യങ്ങൾ തള്ളുന്നത്. വീടുകളിലെയും കടകളിലെയും മാലിന്യങ്ങൾ കൂടാതെ കോഴിഫാമുകളിൽ നിന്നുള്ള മാലിന്യങ്ങളും കശാപ്പ് ശാലയിലെ അവശിഷ്ടങ്ങളും ഇവിടെയാണ് ഇടുന്നത്. തെരുവ് നായ്ക്കൾ കടിച്ച് കീറിയും വാഹനങ്ങൾ കയറിയിറങ്ങിയും മാലിന്യങ്ങൾ നാലുപാടും ചിതറിക്കിടക്കുകയാണ്. മുമ്പും ഇവിടെ പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളൽ പതിവായിരുന്നു. ഇതേതുടർന്ന് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ ഫ്ളക്സ് ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡും ഇപ്പോൾ നശിപ്പിച്ച നിലയിലാണ്. രാത്രികാലങ്ങളിലാണ് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത്. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെ വഴിവിളക്കുകളും തകരാറിലാണ്. റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രക്കാരോടൊപ്പം ആമലൂർ നിവാസികൾക്കും തിരുവല്ല ടൗണിൽ പോകാനുള്ള മാർഗമാണ് ഈ റോഡ്. ഇവിടെ സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
പൊതുസ്ഥലത്തെ മാലിന്യം തള്ളൽ തടയാൻ നഗരസഭാ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.