ലോട്ടറി സമ്മാന തുക, കമ്മിഷൻ കുറച്ചേയ്ക്കും ലോട്ടറി വില കൂട്ടില്ലെന്ന് ധനമന്ത്രി

Friday 12 September 2025 12:03 AM IST

ന്യൂഡൽഹി: ലോട്ടറിയുടെ ജി.എസ്.ടി 28ൽ നിന്ന് 40%മായി വ‌ർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്മാനത്തുക കുറയ്ക്കേണ്ടി വരുമെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ.ബാലഗാപാൽ. ഏജന്റുമാരുടെ കമ്മിഷനിലും കുറവു വരുത്തേണ്ടി വരും. എന്നാൽ, ലോട്ടറി വില കൂട്ടില്ല. ലോട്ടറി കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ടാണ്. ലോട്ടറി മേഖലയിലെ സംഘടനകളുമായി കഴിഞ്ഞദിവസം ചർച്ച നടത്തി ഇക്കാര്യങ്ങളിൽ പൊതു ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മിഷനിലും എന്തെല്ലാം മാറ്റം വരുത്തണമെന്നത് സംബന്ധിച്ച് ലോട്ടറി വകുപ്പ് പരിശോധിച്ച് പ്രത്യേക ഫോ‌ർമുല തയ്യാറാക്കും. ജി.എസ്.ടി വർദ്ധിപ്പിച്ചതുമൂലം ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന രണ്ടുലക്ഷത്തോളം പേരെ ബാധിക്കുന്ന വിഷയമാണിത്.