ആലപ്പുഴയിലെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മയിൽ പ്രതിനിധികൾ
ആലപ്പുഴ: ജില്ലയിൽ ആദ്യമായി സി.പി.ഐ സംസ്ഥാന സമ്മേളനം നടന്നത് 43 വർഷം മുമ്പ് 1982ലാണ്. ആലപ്പുഴ കൈചൂണ്ടിയിൽ പ്രവർത്തിച്ചിരുന്ന വിദ്യ സിനിമാ തിയേറ്ററായിരുന്നു അന്ന് സമ്മേളന വേദി. സെമിനാറുകൾ നടത്തിയത് വൈ.എം.സി.എ ജംഗ്ഷനിലെ 'രാധ' തിയേറ്ററിലും. വി.കെ.വിശ്വനാഥൻ ജില്ലാ സെക്രട്ടറിയായിരുന്ന അക്കാലത്ത് എം.ടി.ചന്ദ്രസേനൻ, എം.കെ.സുകുമാരൻ, സി.കെ.കേശവൻ തുടങ്ങിയവർ സമ്മേളനഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതായി അന്നും ഇന്നും സ്വാഗത സംഘം ഭാരവാഹിയായ പുന്നപ്ര ലോക്കൽകമ്മിറ്റിയംഗം ഡി.പ്രേംചന്ദ് ഓർമ്മിച്ചു. പാർട്ടി പ്രവർത്തകരുടെ വീടുകളിലായിരുന്നു അന്ന് പ്രതിനിധികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. പ്രധാനവേദിയായ വിദ്യ തിയേറ്ററിനോട് ചേർന്ന് പന്തൽ കെട്ടി നിലത്ത് പായ വിരിച്ചിരുന്നായിരുന്നു ഭക്ഷണം. എൻ.ഇ.ബൽറാമാണ് അന്ന് സംസ്ഥാന സെക്രട്ടറിയായത്. അക്കാലത്തെ സമ്മേളനം ലാളിത്യത്തിന്റെ പ്രതീകമായിരുന്നെന്ന് അന്ന് സമ്മേളന പ്രതിനിധിയും, സി.പി.ഐ മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ സി.രാധാകൃഷ്ണൻ പറഞ്ഞു. വിദ്യ തിയേറ്റർ ഇന്ന് പാൻ സിനിമാസ് തിയേറ്ററാണ്. രാധ തിയേറ്റർ പൊളിച്ച് സൂപ്പർ മാർക്കറ്റാക്കി.