ജലീലിന് അഴിമതി പുറത്താവുമെന്ന വെപ്രാളം:പി.കെ.ഫിറോസ്
കോഴിക്കോട് : മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്തുവരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബന്ധുനിയമന കേസിൽ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നത്. കുറ്റക്കാരെനെന്ന് കോടതി വ്യക്തമാക്കിയപ്പോൾ പൊതുപ്രവർത്തനം അവസാനിപ്പിച്ച് വാക്ക് പാലിക്കാൻ അദ്ദേഹം തയ്യാറായില്ല. പുതിയ അഴിമതിയും പുറത്ത് വന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നത്.
കൂലിയും വേലയുമില്ലാത്ത ഫിറോസ് എങ്ങിനെയാണ് സ്ഥലം വാങ്ങിച്ചതും വീട് വച്ചതെന്നും പറഞ്ഞ ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് ട്രാവൽസും വില്ലാ പ്രൊജക്ടും ബിസിനസും ഉണ്ടെന്നാണ്. എന്തിനാണ് ഇടക്കിടെ വിദേശ യാത്ര നടത്തുന്നതെന്ന് ചോദിച്ച ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് വിദേശത്ത് ജോലിയും വിസയും ശമ്പളവും ഉണ്ടെന്നാണ്. തനിക്ക് വിദേശത്ത് പല രാജ്യങ്ങളിലും ബിസിനസുകളുണ്ട്. തൊഴിലാണ്. ജീവിക്കണം. അതിന് ആവശ്യമയ എല്ലാ നികുതികളും അടക്കുന്നുണ്ടെന്നും ഫിറോസ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.