ശിവഗിരി മഠത്തിൽ ജയന്തി -സമാധി പൂജ
ശിവഗിരി: ശിവഗിരി മഠത്തിലെ ജയന്തി -സമാധി പൂജയിൽ വർക്കല ശിവഗിരി മഠം ശാരദാപ്രസാദം ഗ്രൂപ്പ് ഇന്ന് പങ്കെടുക്കും. ജയന്തി -സമാധി പൂജയിൽ നിരവധി ഭക്തരും സംഘടനകളും പങ്കെടുത്തു വരുന്നു. മഹാഗുരുപൂജയും നാടിന്റെ നാനാഭാഗത്തു നിന്നുമുള്ള വിശ്വാസികൾ നിലവിൽ നിർവഹിക്കുന്നുണ്ട്. വിവരങ്ങൾക്ക്: 9447551499.
മുംബയ് ശ്രീനാരായണ മന്ദിര സമിതി ജയന്തി ആഘോഷം
മുംബയ്: ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷം 14ന് മന്ദിര സമിതിയുടെ ചെമ്പൂർ കോംപ്ളക്സിൽ നടക്കും. അന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന പൊതുയോഗത്തിൽ നബാർഡ് ചെയർമാൻ കെ.വി.ഷാജി മുഖ്യാതിഥിയായിരിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും കേരള സർവകലാശാല കൊമേഴ്സ് ഫാക്കൽറ്റി മുൻ ഡീൻ ഡോ.എം.ശാർങ്ഗധരൻ മുഖ്യപ്രഭാഷണവും നടത്തും. ഡോ.ശാർങ്ഗധരനും ശരത് ശാർങ്ഗധരനും ചേർന്നെഴുതിയ ഗുരുവിന്റെ സാമ്പത്തിക ദർശനത്തെക്കുറിച്ചുള്ള 'ബിയോണ്ട് സ്പിരിച്വലിസ്റ്റ് ' എന്ന ഇംഗ്ളീഷ് പുസ്തകം നബാർഡ് ചെയർമാൻ പ്രകാശനം ചെയ്യും. മന്ദിര സമിതി പ്രസിഡന്റ് എം.ഐ.ദാമോധരൻ,ചെയർമാൻ എൻ.മോഹൻദാസ്,ജനറൽ സെക്രട്ടറി ഒ.കെ.പ്രസാദ്,വൈസ് ചെയർമാൻ എസ്.ചന്ദ്രഭാനു എന്നിവർ സംസാരിക്കും. വിശേഷാൽപൂജ,ഗുരു പുഷ്പാഞ്ജലി,സമൂഹ പ്രാർത്ഥന,കലാപരിപാടികൾ എന്നിവയും നടക്കും.