ഉയർന്ന മൂല്യമുള്ള യു.പി.ഐ ഇടപാടുകൾ അനായാസമാകുന്നു
സെപ്തംബർ 15 മുതൽ യു.പി.ഐ ഇടപാട് പരിധി ഉയരും
നികുതി, ഓഹരി, ഇൻഷ്വറൻസ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്ക് ബാധകം
കൊച്ചി: ഇൻഷ്വറൻസ് പ്രീമിയം, ഓഹരി വ്യാപാരം, ക്രെഡിറ്റ് കാർഡ് ബിൽ, നികുതി പേയ്മെന്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് യു.പി.ഐ ഉപയോഗിച്ച് നടത്താവുന്ന ഇടപാടുകളുടെ പ്രതിദിന പരിധി സെപ്തംബർ 15 മുതൽ പത്ത് ലക്ഷം രൂപയാകും. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അനായാസം നടത്താൻ ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ സഹായിക്കുമെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ വ്യക്തമാക്കി. സർക്കാരിന്റെ ഇ മാർക്കറ്റ്, ബിസിനസ്, വ്യാപാര ഇടപാടുകൾ തുടങ്ങിയ രംഗങ്ങളിലെ യു.പി.ഐ പേയ്മെന്റ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തി. അതേസമയം വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയിൽ തുടരും.
പ്രധാന മാറ്റങ്ങൾ
1. ഓഹരി നിക്ഷേപങ്ങൾ, ഇൻഷ്വറൻസ് പ്രീമിയം പേയ്മെന്റ് തുടങ്ങിയവയിൽ ഓരോ ഇടപാടിനുമുള്ള പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ഒരു ദിവസം മൊത്തം പത്ത് ലക്ഷം രൂപയുടെ ഇടപാട് നടത്താം
2. സർക്കാർ ഇ മാർക്കറ്റ് പ്ളേസ് സേവനങ്ങൾ, നികുതി പേയ്മെന്റ് എന്നിവയുടെ പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാകും
3. യാത്രാ സംബന്ധമായ ആവശ്യങ്ങൾക്ക് ഒറ്റ ഇടപാടിലൂടെ അഞ്ച് ലക്ഷം രൂപ വരെ കൈമാറാം. ഒരു ദിവസം പത്ത് ലക്ഷം രൂപ വരെ മൊത്തം ഇടപാട് നടത്താം.
4. ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഒറ്റ ഇടപാടിലൂടെ അഞ്ച് ലക്ഷം വരെ യു.പി.ഐ ഉപയോഗിച്ച് അടയ്ക്കാനാകും. പ്രതിദിന പരിധി ആറ് ലക്ഷമാണ്
5. വായ്പാ തിരിച്ചടവ്, ബാങ്കുകളിലെ ഇ.എം.ഐ എന്നിവ അടയ്ക്കാനുള്ള പരിധിയും അഞ്ച് ലക്ഷമായി ഉയരും. പ്രതിദിനം മൊത്തം ആറ് ലക്ഷം രൂപയുടെ ഇടപാട് നടത്താം
6. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ യു.പി.ഐ ഉപയോഗിച്ച് അടയ്ക്കാവുന്ന തുകയുടെ പരിധി രണ്ട് ലക്ഷമായി ഉയരും. പ്രതിദിന പരിധി ആറ് ലക്ഷം രൂപയാണ്.