ലാറി എലിസൺ ലോകത്തെ അതിസമ്പന്നൻ

Friday 12 September 2025 12:21 AM IST

ഇലോൺ മസ്ക‌ിന്റെ ഒന്നാം സ്ഥാനം തെറിച്ചു

ഒറ്റ ദിവസം ആസ്തിയിലെ വർദ്ധന 9 ലക്ഷം കോടി രൂപ

കൊച്ചി: ടെസ്‌ലയുടെ ഉടമ ഇലോൺ മസ്‌കിനെ പിന്തള്ളി ഓറക്കിളിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും സഹ സ്ഥാപകനുമായ ലാറി എലിസൺ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. ഓറക്കിളിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പിനെ തുടർന്ന് ലാറി എലിസണിന്റെ മൊത്തം ആസ്തി 39,300 കോടി ഡോളറായി.(35 ലക്ഷം കോടി രൂപ). ബുധനാഴ്ച മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ 10,100 കോടി ഡോളറിന്റെ(ഒൻപത് ലക്ഷം കോടി രൂപ) വർദ്ധനയാണുണ്ടായത്. ഒരു ദിവസം ഒരാളുടെ ആസ്തിയിൽ ഇത്രയും വലിയ വർദ്ധന ഇതാദ്യമാണ്. കഴിഞ്ഞ ത്രൈമാസക്കാലയളവിൽ ഓറക്കിളിന്റെ ബിസിനസിലുണ്ടായ കുതിപ്പും ക്ളൗഡ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതികളുമാണ് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. ബുധനാഴ്ച ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം കൂടി.

89 കാരനായ ലാറി എലിസണിന് ഓറക്കിളിന്റെ 40 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. 1977ൽ രണ്ട് പങ്കാളികളോടൊപ്പമാണ് ലാറി എലിസൺ ഓറക്കിളിന് തുടക്കമിട്ടത്. ഇലോൺ മസ്‌കിന്റെ നിലവിലെ ആസ്തി 38,500 കോടി ഡോളറാണ്.