ജി.എസ്.ടി  ഇളവ്  മറച്ചുവച്ച്  വില  കൂട്ടുന്നവരെ  കണ്ടെത്തും

Friday 12 September 2025 12:43 AM IST

തിരുവനന്തപുരം: ഈ മാസം 22ന് പ്രാബല്യത്തിൽ വരുന്ന ജി.എസ്.ടി ഇളവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കൊള്ളലാഭം എടുക്കുന്നവരെ കണ്ടെത്താൻ കേന്ദ്രസർക്കാർ ഫീൽഡ് റിപ്പോർട്ട് ശേഖരിക്കുന്നു.

ജി.എസ്. ടി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർമാർക്കും ചീഫ് കമ്മിഷണർമാർക്കുമാണ് പരിശോധനാചുമതല. ജി.എസ്.ടി. നിരക്ക് ഇളവിന് മുമ്പും ശേഷവും എന്നു വേർതിരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില പരിശോധിക്കാനാണ് നിർദ്ദേശം. വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തിവേണം പരിശോധിക്കാൻ. ഈ മാസം 30 ഓടെ ആദ്യറിപ്പോർട്ട് നൽകണം.

450ഓളം നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചിരുന്നു. ഇളവിന്റെ ഗുണം കമ്പനികൾ വില കൂട്ടി സ്വന്തം പോക്കറ്റിലാക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു.

സോപ്പു മുതൽ സിമന്റുവരെ

നിരീക്ഷണത്തിലാവും 1.കുളിക്കുന്ന സോപ്പ്, ടൂത്ത് പേയ്സ്റ്റ്, ടാൽക്കം പൗഡർ തുടങ്ങിയ ഫാസ്റ്റ് മൂവിംഗ് ഉത്പന്നങ്ങൾ, ഭക്ഷണം, മരുന്നുകൾ, സിമന്റ് ,ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ പ്രതിമാസ വില വിവരം ആറു മാസത്തേക്കെങ്കിലും ശേഖരിക്കും.

തുടർന്നുള്ള മൂന്ന് മാസവും വില നിരീക്ഷണം എല്ലാ ഫീൽഡ് ഓഫീസുകളുടെയും പ്രധാന ഡ്യൂട്ടിയായിരിക്കും.

എല്ലാ മാസവും ഇരുപതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.

വില നിയന്ത്രിക്കാൻ വ്യവസ്ഥയില്ല

4,362 കോടി യുടെ തട്ടിപ്പ്

# നികുതിയിളവുകൾ വിലയിൽ പ്രതിഫലിക്കാതിരുന്നാൽ നടപടിയെടുക്കാൻ ജി.എസ്.ടി.നിയമത്തിൽ വ്യവസ്ഥകളില്ല. ഇത് പരിഹരിക്കാൻ നാഷണൽ ആന്റി പ്രോഫിറ്റീറിംഗ് അതോറിറ്റി (എൻ.എ.എ) രൂപീകരിച്ചെങ്കിലും ഫലപ്രദമായില്ല. 2019 വരെ ഈ അതോറിറ്റി നടത്തിയ പരിശോധനയിൽ നികുതിയിളവ് മറച്ചുവെച്ചുകൊണ്ട് വിലയിൽ 4,362 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.എന്നാൽ കാര്യമായ നടപടിയുണ്ടായില്ല.

# 2022മുതൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.അതും പര്യാപ്തമല്ലെന്ന് പരാതി ഉയർന്നതോടെ 2024ൽ ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിനെ നിയോഗിച്ചു.അതും പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്. നാഷണൽ ആന്റി പ്രോഫിറ്റീറിംഗ് അതോറിറ്റി പുനഃസംഘടിപ്പിക്കാൻ നീക്കമുണ്ട്. ഫീൽഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.