ഫിസിയോതെറാപ്പിസ്റ്റുകൾക്ക് പേരിനൊപ്പം ഡോക്ടർ എന്ന് ഉപയോഗിക്കാം
തിരുവനന്തപുരം: ഫിസിയോതെറാപ്പിസ്റ്റുകൾക്ക് പേരിനൊപ്പം ഡോക്ടർ എന്ന പ്രിഫിക്സ് ഉപയോഗിക്കാമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ് സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീജിത്ത് നമ്പൂതിരി പറഞ്ഞു.
ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കുന്നതിനെതിരേ ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസ് കഴിഞ്ഞദിവസം പുറത്തിറക്കിയ കത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡി.ജി.എച്ച്.എസിന് ഇത്തരമൊരു ഉത്തരവിറക്കാൻ അധികാരമില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നാഷണൽ കമ്മിഷൻ ഫോർ അലെയ്ഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസിന് മാത്രമാണ്. ഫിസിയോതെറാപ്പിസ്റ്റുകൾ അലെയ്ഡ് ഹെൽത്ത് പ്രൊഫഷണലുകളാണെന്നും അവർക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ,അവരുടെ പേരിനുശേഷം പി.ടി (ഫിസിയോതെറാപ്പിസ്റ്റ്) എന്ന് വ്യക്തമാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഡി.ജി.എച്ച്.എസ് വിവാദ നിർദ്ദേശം പിൻവലിച്ച് ഇന്നലെ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഡോ.ശ്രീജിത്ത് നമ്പൂതിരി അറിയിച്ചു.