ചക്രക്കസേരയിൽ തളരാതെ, ഇന്ത്യൻ ടീമിനായി അമ്പെയ്യാൻ....
തൃശൂർ: നാലുവർഷം മുൻപ് മാവിന്റെ മുകളിൽ നിന്നുവീണ് സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്നെങ്കിലും ആത്മവിശ്വാസം
ഇരട്ടിച്ചു.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ റഗ്ബിയും ബാസ്‌കറ്റ് ബാളും അഭ്യസിച്ചു. ഒരു വർഷമായി ആർച്ചറിയിലും കരുത്ത് തെളിയിച്ചിരിക്കുകയാണ് വടൂക്കര എ.കെ.ജി നഗർ കാഞ്ഞൂക്കാരൻ കെ.എം.ഷിമിൻ (34). ചക്രക്കേസരയിലിരുന്ന് അമ്പെയ്യാൻ ഉന്നമുള്ളവർ കേരളത്തിൽ അപൂർവം.
ഇന്ത്യൻ ടീമിലേക്കുള്ള സാദ്ധ്യതാ പട്ടികയിലെ ആദ്യസ്ഥാനക്കാരനാണിപ്പോൾ. ഗ്വാളിയോറിലെ ദേശീയ വീൽചെയർ റഗ്ബി ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ഏഴംഗ കേരള ടീമിൽ ഷിമിനുമുണ്ടായിരുന്നു. മുൻ ചാമ്പ്യന്മാരായ മഹാരാഷ്ട്ര, ബീഹാർ ടീമുകളെ തോൽപ്പിച്ചാണ് ഒഡീഷയുമായി ഫൈനലിൽ പോരാടിയത്.
ഒറ്റമുറി വീട്, പരിശീലിക്കാൻ
സ്വന്തമായി ഉപകരണമില്ല
ആർച്ചറി പരിശീലിക്കാൻ സ്വന്തമായി ഉപകരണമില്ല. ഒറ്റമുറിയിലാണ് താമസം. വാർദ്ധക്യ സഹജമായ അവശതകളുള്ള പിതാവ് മാത്യുവും അമ്മ എൽസിയും ചേട്ടന്റെ വീട്ടിലാണ്. സഹോദരി വിവാഹിതയാണ്. സ്വന്തം കാര്യങ്ങളെല്ലാം ഷിമിൻ ചെയ്യും. ഭക്ഷണം ബന്ധുക്കളും മറ്റും നൽകും. ഇലക്ട്രിക് കസേരയും മുച്ചക്ര സ്‌കൂട്ടറുമുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ അധികദൂരം പോകാറില്ല. സ്‌പോൺസറെ കിട്ടിയിരുന്നെങ്കിൽ ആർച്ചറിയിൽ ഷിമിനിലൂടെ ഒരു രാജ്യാന്തര താരത്തെ ലഭിക്കുമെന്നാണ് പരിശീലകർ പറയുന്നത്.
ചെറിയ വീഴ്ച, പക്ഷേ...
പത്തടി മാത്രം ഉയരമുള്ള മരക്കൊമ്പിൽ നിന്നാണ് വീണത്. പക്ഷേ, സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റു. തുടർച്ചയായി ഫിസിയോതെറാപ്പി നടത്തിയപ്പോൾ നേരിയ വ്യത്യാസമുണ്ടായി. ഐ.ടി.ഐയിൽ നിന്ന് സിവിൽ ഡ്രാഫ്‌റ്റ്സ് മാൻ കോഴ്‌സ് പാസായ ശേഷം കുറച്ചുകാലം വീട് നിർമ്മാണ മേഖലയിലായിരുന്നെങ്കിലും പച്ച പിടിച്ചില്ല. പീന്നീട് ടാക്‌സി ഡ്രൈവറായിരിക്കെയാണ് അപകടം. ഫുട്ബാളിലും ബോഡി ബിൽഡിംഗിലും തത്പരനായിരുന്നു.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ മനസിനും ശരീരത്തിനും ഇത്തരം മത്സരങ്ങൾ ഗുണം ചെയ്യുന്നുണ്ട്. പക്ഷേ, സ്‌പോൺസർമാരെ കിട്ടാത്തതാണ് പ്രശ്‌നം.
ഷിമിൻ.