കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന് തുടക്കം

Friday 12 September 2025 12:46 AM IST
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യാന്തര യാത്രകൾ നടത്തുന്നവർക്ക് ഇനി മുതൽ എമിഗ്രേഷൻ നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സാധിക്കും. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം 2025(എഫ് ടി ഐ –ടി ടി പി) ഇന്നലെ മുതൽ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു.

യാത്രക്കാർക്ക് ഇനി എമിഗ്രേഷൻ ക്ലിയറൻസിനായി നീണ്ട നിരകളിൽ കാത്തിരിക്കേണ്ടതില്ല. വെറും 20 സെക്കൻഡിനുള്ളിൽ ഇ ഗേറ്റ് മാർഗം നടപടികൾ പൂർത്തിയാക്കാനാകും.

കരിപ്പൂർ ഉൾപ്പെടെ അമൃത്സർ, ലഖ്നൗ, ട്രിച്ചി, തിരുവനന്തപുരം എന്നീ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒരുമിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈൻ ആയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഇന്ത്യൻ പൗരന്മാർക്കും ഒ.സി.ഐ കാർഡ് ഉടമകൾക്കും വേഗത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി നടപ്പിലാക്കിയത്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങളും www.ftittp.mha.gov.in വഴി ഓൺലൈനായി ലഭ്യമാണ്. അപേക്ഷ സമർപ്പിച്ചവർ എഫ്.ആർ.ആർ.ഒ ഓഫീസിലോ രാജ്യത്തെ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഇമിഗ്രേഷൻ കൗണ്ടറിലോ ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കണം. വിവരങ്ങൾക്ക് www.boi.gov.in സന്ദർശിക്കുകയോ india.ftittp-boi@mha.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഫാസ്റ്റ് ട്രാക്ക് സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ ,എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ടാ, പ്രാദേശിക പാസ്‌പോർട്ട് ഓഫീസർ കെ. അരുൺമോഹൻ, കസ്റ്റംസ് പ്രിവന്റീവ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ശ്യാംനാഥ്, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാജീവ് കുമാർ പള്ളിയിൽ,​ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പ്രതിനിധി സിനോയ് കെ. മാത്യു, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രവി ഭൂഷൺ, സ്‌പെഷ്യൽ ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ പ്രകാശ് ബാബു, എഫ്.ആർ.ആർ.ഒ കൃഷ്ണരാജ്, കൊണ്ടോട്ടി അസി. പൊലീസ് സൂപ്രണ്ട് കാർത്തിക് ബാലകുമാർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ബേപ്പൂർ കമൻഡാന്റ് സന്ദീപ് സിംഗ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമൻഡാന്റ് അഖിലേഷ് കുന്നാർ, തപാൽ വകുപ്പ് ഡയറക്ടർ ഗണേഷ് കുമാർ , ഇൻഡിഗോ എയർലൈൻസ് എ.ഒ.സി ചെയർമാൻ സ്റ്റേഷൻ മാനേജർ ജിയോ ജോർജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.