റിപ്പോർട്ടിലെ തലോടൽ തള്ളി ചർച്ചയിൽ രൂക്ഷ വിമർശനം, മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനേയും കടന്നാക്രമിച്ചു
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും സർക്കാരിനും മന്ത്രിമാർക്കും തലോടലാണ് കിട്ടിയതെങ്കിലും ചർച്ചയിൽ പ്രതിനിധികൾ ഒരു മയവുമില്ലാതെയാണ് മന്ത്രിമാരെയും സർക്കാരിനെയും പ്രഹരിച്ചത്.
ബിനോയ് വിശ്വത്തിനെയും വെറുതേ വിട്ടില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് ആവശ്യത്തിന് പണം അനുവദിക്കുന്നില്ല. ചോദിച്ച് വാങ്ങാൻ മന്ത്രിമാർക്ക് ത്രാണിയുമില്ല. തെറ്റു കണ്ടാൽ ചൂണ്ടിക്കാട്ടുകയും തിരുത്തിക്കുകയും ചെയ്യുന്ന ഒരു നേതൃത്വമായിരുന്നു സി.പി.ഐക്ക് നേരത്തെ ഉണ്ടായിരുന്നത്.വെളിയം ഭാർഗവനും സി.കെ ചന്ദ്രപ്പനുമൊക്കെ അത്തരം നിലപാടെടുത്തവരാണ്. ഇത് ബിനോയ് വിശ്വവും ഓർക്കണമെന്നായിരുന്നു ഒരു പ്രതിനിധി ചൂണ്ടിക്കാട്ടിയത്.
ആഭ്യന്തരവകുപ്പ്
ബി.ജെ.പിക്ക് തീറെഴുതി
ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കണ്ണുംപൂട്ടിയുള്ള വിമർശനമാണ് കൊല്ലം, പത്തനംതിട്ട, കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഉയർത്തിയത്. ആഭ്യന്തര വകുപ്പ് ബി.ജെ.പിക്ക് തീറെഴുതിയ ചില ഉദ്യോഗസ്ഥർ പൊലീസിലുണ്ടെന്നും അവർക്ക് സംരക്ഷണമൊരുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിമർശനമുയർന്നു . ബി.ജെ.പിയുമായി മുഖ്യമന്ത്രിക്ക് വേണ്ടി ഇടപെടുന്നത് ഇവരിൽ ചില ഉദ്യോഗസ്ഥരാണെന്നും പ്രതിനിധികൾ ആക്ഷേപിച്ചു. ഭരണത്തുടർച്ച കിട്ടാതെ പോയാൽ അതിന് കാരണം പൊലീസും കഴിവുകെട്ട ആഭ്യന്തര വകുപ്പും ആണെന്ന് ചിലർ തുറന്നടിച്ചു. തൃശൂർ പൂരം കലക്കിയ നടപടിക്ക് പിന്നിലെ പൊലീസ് ഉദ്യോഗസ്ഥന് ബി.ജെ.പിയുമായുള്ള അടുപ്പമാണ് തൃശൂരിൽ നിന്നുള്ള ഒരു പ്രതിനിധി ചൂണ്ടിക്കാട്ടിയത്. ഈ ബന്ധം ക്രമേണ പിണറായി വിജയനിലേക്ക് എത്തുകയാണെന്നും തൃശൂരുകാർ കുറ്റപ്പെടുത്തി.
നേതൃത്വത്തിനു ജരാനര
പാർട്ടിക്ക് ശക്തി പകരേണ്ട ബഹുജന സംഘടനകൾ സജീവമല്ലാതിരുന്നിട്ടും അവയെ ഉത്തേജിപ്പിക്കാനുള്ള ഒരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന വിമർശനവുമുണ്ടായി. കേന്ദ്ര നേതൃത്വത്തെയും ചില പ്രതിനിധികൾ കടന്നാക്രമിച്ചു. ജരാനര ബാധിച്ച നേതാക്കളാണ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിലുള്ളതെന്നും ഇവരിലൂടെ പാർട്ടിക്ക് കാര്യമായ വളർച്ച സാദ്ധ്യമാവില്ലെന്നുമായിരുന്നു വിമർശനം.നാലുമന്ത്രിമാരും നിർഗുണരാണെന്നും 'കട്ടപ്പാരയുമായി കക്കാൻ പോകുന്നതാണ് 'ഇതിലും ഭേദമെന്നും . രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പ്രവാസി ഗ്രൂപ്പ് പ്രതിനിധികൾ ആരോപിച്ചു.