സ്കൂൾ ബസിനടിയിൽ കുരുങ്ങി എട്ട് വയസുകാരിക്ക് പരിക്ക്
കടയ്ക്കൽ: സ്കൂൾ ബസിൽ നിന്നിറങ്ങിയ എട്ട് വയസുകാരി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിനടിയിൽപ്പെട്ട് പരിക്കേറ്റു. ചിതറ വളവുപച്ച അമീൻ മാൻഷനിൽ ഇർഷാദിന്റെ മകൾ അമീറ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ചിതറ മഹാദേവർ കുന്നിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം.
കുട്ടി ബസിന് മുന്നിലുള്ള കാര്യം അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തപ്പോൾ റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ വസ്ത്രം ചക്രങ്ങൾക്ക് ഇടയിലുള്ള ഭാഗത്ത് കുരുങ്ങി. അൽപദൂരം ബസ് കുട്ടിയുമായി നീങ്ങി. നാട്ടുകാർ ബഹളം വച്ചതോടെയാണ് ഡ്രൈവർ ബസ് നിറുത്തിയത്. പരിക്കേറ്റ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുഷ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുറക്കോട് എൽ.പി.എസിലെ മൂന്നാക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്തെത്തിയ ചിതറ പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് അന്വഷണം ആരംഭിച്ചു.