കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: മൂന്ന് മാസത്തിനകം എയർ കോൺകോഴ്സ്

Friday 12 September 2025 12:54 AM IST
എയർ കോൺകോഴ്സ്

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ എയർപോർട്ട് മോഡൽ വികസനത്തിലെ പ്രധാന ആകർഷണമായ എയർകോൺകോഴ്സ് മൂന്ന് മാസത്തിനകം പൂർത്തിയാകും. എയർ കോൺകോഴ്സ് നിർമ്മാണം വേഗത്തിലാക്കാൻ രാത്രിയും പുലർച്ചെയും ഒന്നര മണിക്കൂർ വീതം റെയിൽവേ സ്റ്റേഷനിൽ ഗതാഗത നിയന്ത്രണത്തിന് റെയിൽവേ അനുമതി നൽകി.

നിലവിൽ എയർ കോൺകോഴ്സിന്റെ അടിസ്ഥാനത്തിന്റെ നിർമ്മാണം പൂർത്തിയായി. എയർകോൺകോഴ്സ് ആരംഭിക്കുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തൂണിന്റെ നിർമ്മാണം വൈകാതെ ആരംഭിക്കും. മറ്റ് പ്ലാറ്റ് ഫോമുകളിലെ തൂണുകൾ പൂർത്തിയാകുന്നതിന് പിന്നാലെ കുറുകെയുള്ള ബീമുകൾ, കോർബെൽ തുടങ്ങിയവയുടെ നിർമ്മാണം നടക്കും. ഇവയ്ക്ക് മുകളിൽ സ്ഥാപിക്കുന്ന എയർകോൺകോഴ്സിന്റെ സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണം ജയ്പൂരിൽ പുരോഗമിക്കുകയാണ്. ഇവ പ്രത്യേക ഭാഗങ്ങളായി കൊല്ലത്ത് എത്തിച്ച് സ്ഥാപിക്കും. ഇതിന് പുറമേ സുതാര്യമായ ഗ്ലാസ് ഘടിപ്പിക്കും. റെയിൽവേ സ്റ്റേഷനിലെ രണ്ട് ടെർമിനലുകളെയും ബന്ധിപ്പിച്ചാണ് എയർകോൺകോഴ്സ് നിർമ്മിക്കുന്നത്.

സൗകര്യങ്ങൾ എയർപോർട്ട് മാതൃകയിൽ

 എയർ കോൺകോഴ്സിൽ എയർ കണ്ടിഷൻ സംവിധാനം

 ഫുഡ്കോർട്ട്, എ.ടി.എം, വിശ്രമകേന്ദ്രം, ടോയ്‌ലെറ്റ്

 യാത്ര കഴിഞ്ഞ് മടങ്ങുന്നവർക്കും യാത്രയ്ക്ക് എത്തുന്നവർക്കും പ്രത്യേകം വഴികൾ

 യാത്രക്കാർക്ക് വിശ്രമിക്കാനും സമയം ചെലവിടാനും സൗകര്യം

 പ്രവേശിക്കുന്നതിന് പ്രത്യേകം എസ്‌കലേറ്ററുകളും ലിഫ്ടുകളും

 സ്റ്റീലിൽ സൂപ്പർ സ്ട്രക്ചർ  പുറമേ ഗ്ലാസ്

ആകെ വി​സ്​തീർണം

4450 ചതുരശ്ര മീ​റ്റർ

നീളം-126 മീറ്റർ വീതി-36 മീറ്റർ

നിർമ്മാണ ചെലവ്

₹ 15 കോടി

കൊല്ലം റെയിൽവേ സ്റ്റേഷനിലെ വികസന പദ്ധതിയിലെ പ്രധാന ആകർഷണമാണ് എയർകോൺ കോഴ്സ്. നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

റെയിൽവേ അധികൃതർ