പ്രത്യയശാസ്ത്ര വഴിയിൽ ഒന്നിച്ചവരുടെ സംഗമവേദിയായി സമ്മേളന നഗർ
ആലപ്പുഴ: പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച് ഒരുമിച്ച് കൈപിടിച്ചവർ സമ്മേളന വേദിയിലെ ശ്രദ്ധാകേന്ദ്രം. മന്ത്രിമാരായ ജി.ആർ.അനിൽ,ജെ.ചിഞ്ചുറാണി, പൗൾട്രി കോർപ്പറേഷൻ ചെയർമാൻ പി.കെ.മൂർത്തി,മുൻ എം.എൽ.എ സത്യൻ മൊകേരി,സംസ്ഥാന കൗൺസിലംഗം വി.പി.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ജീവിതപങ്കാളികൾക്കൊപ്പം സമ്മേളനത്തിലെത്തിയത്.
മന്ത്രി ജി.ആർ.അനിൽ മുൻ ചടയമംഗലം എം.എൽ.എ കൂടിയായ ഭാര്യ ഡോ.ആർ.ലതാദേവിക്കൊപ്പമാണ് പങ്കെടുക്കുന്നത്. വർക്കല എസ്.എൻ കോളേജിലെ മുൻചരിത്ര വിഭാഗം മേധാവിയാണ് ലതാദേവി. മന്ത്രി ജെ.ചിഞ്ചുറാണി ഭർത്താവും സി.പി.ഐ നേതാവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ ഡി.സുകേശൻ,മകൻ നന്ദുസുകേശൻ എന്നിവർക്കൊപ്പമാണ് സമ്മേളനത്തിലെത്തിയത്. എ.ഐ.വൈ.എഫിൽ സജീവമായ നന്ദുസുകേശൻ സമ്മേളനത്തിൽ റെഡ് വോളന്റിയറാണ്.
പാർട്ടി ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറി കൂടിയായ മുൻ എം.എൽ.എ സത്യൻമൊകേരി സമ്മേളന നടപടികൾ നിയന്ത്രിക്കുന്ന പ്രിസീഡിയത്തിന്റെ അമരക്കാരനായപ്പോൾ പാർട്ടി കേഡറായി ഭാര്യയും പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ പി.വസന്തവും സമ്മേളന നഗരിയിലുണ്ട്. പൗൾട്രി കോർപ്പറേഷൻ ചെയർമാനും സംസ്ഥാന കൗൺസിലംഗവുമായ പി.കെ.മൂർത്തിക്കൊപ്പം സി.പി.ഐ വയനാട് ജില്ലാ കൗൺസിലംഗമായ ഭാര്യ മഹിതാ മൂർത്തിയും സമ്മേളനത്തിനെത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ദേവകിക്ക് വീട്ടിലെന്ന പോലെ സമ്മേളന നഗരിയിലും ഭർത്താവും സംസ്ഥാന കൗൺസിലംഗവുമായ വി.പി. ഉണ്ണിക്കൃഷ്ണൻ കൂടെയുണ്ട്.