സോഷ്യൽ മീഡിയയിൽ നാനോ ബനാന ട്രെൻഡ്!

Friday 12 September 2025 12:58 AM IST
നാനോ ബനാന ത്രിമാന ചിത്രം

കൊല്ലം: ഓണക്കാല തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയകളിൽ നിറയുന്നത് നാനോ ബനാന ത്രിമാന ചിത്രങ്ങൾ. ട്രെൻഡിനൊപ്പം വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ചേർന്നപ്പോൾ ഫേസ് ബുക്കും ഇൻസ്റ്റയുമടക്കം സോഷ്യൽ മീഡിയകളിലും ത്രിമാന ചിത്രങ്ങൾ നിറയുകയുമാണ്.

ഫോട്ടോഷോപ്പിനെ വെല്ലുന്ന ഗൂഗിളിന്റെ 'നാനോ ബനാന' ഇമേജ് എഡിറ്റിംഗ് ടൂൾ ഉപയോഗിച്ചാണ് 'ട്രെൻഡ്' ഫോട്ടോകൾ തയ്യാറാക്കുന്നത്. ഗൂഗളിന്റെ ജെമിനി 2.5 ഫ്ളാഷ് ഇമേജ് മോഡലിന്റെ ഭാഗമായ ടൂൾ ഉപയോഗിച്ചാൽ ഏത് സങ്കീർണമായ എഡിറ്റിംഗും എളുപ്പത്തിൽ നടത്താം. ഫോട്ടോ അപ്‌ലോഡ് ചെയ്ത് എന്ത് എഡിറ്റിംഗാണ് വരുത്തേണ്ടതെന്നും എന്തൊക്കെ മാറ്റം വേണമെന്നുമൊക്കെ വിവരിച്ചുകൊടുത്താൽ നിമിഷ നേരത്തിൽ തയ്യാറാക്കി നൽകും.

രണ്ട് മൂന്ന് ദിവസം കൊണ്ടാണ് നാനോ ബനാന ത്രിമാന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത കൈവന്നത്. മാസങ്ങൾക്ക് മുമ്പ് മഞ്ഞൾപ്പൊടി തരംഗമായിരുന്നു സോഷ്യൽ മീഡിയകളിൽ. ഇതിന് ശേഷം പലതും വന്നുപോയെങ്കിലും ഇപ്പോൾ കൂടുതൽ പേർ ഏറ്റെടുത്തത് നാനോ ബനാന ത്രിമാന ചിത്രങ്ങളാണ്.

ഒറിജിനലിനെ വെല്ലും

 ജെമിനി ഉപയോഗിച്ചാണ് ത്രീഡി ചിത്രമൊരുക്കുക

 സെക്കൻഡുകൾ കൊണ്ട് ഐ.ഐ ടൂളിൽ ത്രീ ഡി മോഡലാക്കാം

 ഫോണിൽ ഗൂഗിൾ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യണം

 താഴെ ഇടതുവശത്തെ + ചിഹ്നത്തിൽ ക്ളിക്ക് ചെയ്യുക

 ഉയർന്ന റെസലൂഷനിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുക

 എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് നൽകിയാൽ ചിത്രം റെഡി

ഫോട്ടോ മാറില്ല

വ്യക്തിയുടെ, മൃഗങ്ങളുടെ അടക്കം ഏത് ഫോട്ടോ വേണേലും അപ്‌ലോഡ് ചെയ്യാം. ഒർജിനിൽ ഫോട്ടോയ്ക്ക് മാറ്റം വരാതെ കൂടുതൽ കൂട്ടിച്ചേർക്കൽ നടത്തി സൂപ്പർ ചിത്രം ലഭിക്കും.