പന്ന്യന് പാർട്ടി പ്രാണവായു
ആലപ്പുഴ: പ്രതിനിധിയല്ലെങ്കിലും ശതാബ്ദി വർഷത്തിലെ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ പന്ന്യനിലെ കമ്മ്യൂണിസ്റ്രുകാരനാവില്ല. സമ്മേളന നഗറിന്റെ പരിസരങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്.
പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ജീവത്യാഗം ചെയ്ത പോരാളികളുടെ നാട്ടിൽ 43 വർഷങ്ങൾക്ക് ശേഷം വീണ്ടും പാർട്ടിയുടെ സമ്മേളനം നടക്കുമ്പോൾ ജ്വലിക്കുന്ന ഓർമ്മകൾ പന്ന്യന്റെ മനസിലുണ്ട്. 34-ാം വയസിലാണ് പന്ന്യൻ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. 1982ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലൂടെ അദ്ദേഹം സംസ്ഥാന കൗൺസിലിലെത്തി.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ മുൻ മുഖ്യമന്ത്രിയും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.കെ.വാസുദേവൻ നായർക്കുള്ള പങ്ക് വലുതാണെന്ന് പന്ന്യൻ ഓർക്കുന്നു. '' താൻ ജില്ലാ സെക്രട്ടറിയാവുമെന്നൊക്കെ ആദ്യം സൂചന നൽകിയത് അദ്ദേഹമാണ്. പി.കെ.വി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ അസിസ്റ്രന്റ് സെക്രട്ടറിയാകാൻ ലഭിച്ച അവസരം രാഷ്ട്രീയ ജീവിതത്തിലെ വലിയ അദ്ധ്യായമാണ്. അന്ന് മറ്രൊരു അസിസ്റ്രന്റ് സെക്രട്ടറി പിന്നീട് സി.പി.ഐയുടെ ഉജ്വല പ്രതീകമായി മാറിയ വെളിയം ഭാർഗവനായിരുന്നു.
ഒരു കത്ത് തയ്യാറാക്കിയാൽ തന്നെ ഏൽപ്പിക്കുകയും വായിച്ചുനോക്കി മാറ്റങ്ങൾ വേണ്ടതുണ്ടെങ്കിൽ അത് വരുത്താൻ അനുവാദിക്കുകയും ചെയ്തിരുന്ന പി.കെ.വി നിശ്ചയദാർഢ്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നുവെന്നും പന്ന്യൻ ഓർമ്മിച്ചു.