ഗവേഷണത്തിൽ കൈകോർക്കാൻ ശ്രീചിത്രയടക്കം 8 കേന്ദ്രസ്ഥാപനങ്ങൾ

Friday 12 September 2025 1:08 AM IST

തിരുവനന്തപുരം: ഗവേഷണമേഖലയിൽ കൂട്ടായ നേട്ടങ്ങൾ കൈവരിക്കാൻ തലസ്ഥാനത്തെ എട്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കൈകോർത്തു. ഇവ തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി), ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡീസ്, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.ഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി), സി-ഡാക് എന്നിവയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

വിവിധ മേഖലകളിലെ വികസനത്തിന് തലസ്ഥാനം ആസ്ഥാനമായി പ്രത്യേക ക്ലസ്റ്റർ രൂപപ്പെടുമെന്ന് സ്ഥാപന മേധാവികൾ അറിയിച്ചു.

ഗവേഷണ പദ്ധതികളിലെ പങ്കാളിത്തം, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പരസ്പര സഹകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. വിവിധ പഠനമേഖലകൾ ചേർന്നുള്ള ഗവേഷണം ശക്തിപ്പെടുകയും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ബഹിരാകാശമേഖല ഉൾപ്പെടെ കൂടുതൽ വിശാലമാകുന്ന തരത്തിലുള്ള നയങ്ങൾ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സാഹചര്യത്തിൽ ഇത്തരം സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്

ശ്രീചിത്ര ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി, സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു, എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.അനന്തരാമകൃഷ്ൺ, ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.ദീപാംഗർ ബാനർജി, ആർ.ജി.സി.ബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ, ശ്രീചിത്ര ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗം മേധാവി ഡോ.ഹരികൃഷ്ണവർമ്മ പി.ആർ എന്നിവർ പറഞ്ഞു.