പീഡനക്കേസ്: ഐ.ടി സ്ഥാപന ഉടമയ്‌ക്ക് മുൻകൂർ ജാമ്യമില്ല

Friday 12 September 2025 1:13 AM IST

കൊച്ചി: ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ഐ.ടി സ്ഥാപന ഉടമ കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിലയിരുത്തി. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ഹർജിക്കാരനെതിരെയുള്ളത്.

സ്ഥാപന ഉടമയ്ക്കെതിരെ തന്നെയാണ് തൊഴിലിടത്തിലെ പീഡനമടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്നത് എന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കബ് പി. തമ്പി, എബി പോൾ, സ്വതന്ത്ര ഡയറക്ടറായ ബിമൽരാജ് ഹരിദാസ് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ ലൈംഗികാതിക്രമ പരാതിയില്ല. ജീവനക്കാരിയുടെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ലിറ്റ്മസ് 7 എന്ന ഐ.ടി കമ്പനിയുടെ ഉടമയാണ് വേണു.

പരാതിക്കാരിയും ഭർത്താവും ചേർന്ന് 30 കോടി രൂപ തട്ടിയെടുക്കാനായി ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന് വേണു നേരത്തേ പരാതി നൽകിയിരുന്നു. ഹണി ട്രാപ്പ് ഹർജിക്കാരൻ കെട്ടിച്ചമച്ച നാടകമായിരുന്നു എന്നാണ് ജാമ്യ ഹർജിയെ എതിർത്ത് കക്ഷി ചേർന്ന പരാതിക്കാരിയുടെ വാദം.