തിരുവനന്തപുരത്തും കോഴിക്കോട്ടും ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ നടപടി
ന്യൂഡൽഹി: വിദേശ യാത്രക്കാർക്കുള്ള ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്.ടി.ഐ-ടി.ടി.പി) തിരുവനന്തപുരം, കോഴിക്കോട്, ലഖ്‌നൗ, തിരുച്ചി, അമൃത്‌സർ വിമാനത്താവളങ്ങളിലും തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നേരത്തെ തുടങ്ങിയിരുന്നു.
പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്പീഡ്, സ്കെയിൽ, സ്കോപ്പ് "എന്ന ദർശനവുമായി ബന്ധപ്പെട്ട പദ്ധതിയാണിത്. ഇന്ത്യൻ പൗരന്മാർക്കെല്ലാം ബാധകമാണെങ്കിലും ഒ.സി.ഐ കാർഡ് ഉടമകൾക്കാണ് കൂടുതൽ പ്രയോജനം. ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നേരത്തെ നടപ്പിലാക്കിയിരുന്നു. നവി മുംബയ്, ജെവാർ വിമാനത്താവളങ്ങളിൽ ഉടൻ നടപ്പാക്കും.
എഫ്.ടി.ഐ-ടി.ടി.പി പ്രവർത്തനം
യാത്രക്കാർ https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടലിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക് വിവരം ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (എഫ്.ആർ.ആർ.ഒ) അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസും പാസ്‌പോർട്ടും വിമാനത്താവളത്തിലെ ഇ-ഗേറ്റിൽ സ്കാൻ ചെയ്യണം. യാത്രക്കാരന്റെ ബയോമെട്രിക് വിവരം കൃത്യമാണെന്ന് ഉറപ്പാക്കി ഇ-ഗേറ്റ് വഴി ഇമിഗ്രേഷൻ ക്ലിയറൻസ് നൽകും.