അമീബിക് മസ്തിഷ്‌ക ജ്വരം; ഒരു മരണം കൂടി ഒരു മാസത്തിനിടെ 6 മരണം
കോഴിക്കോട്/മലപ്പുറം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ച ജില്ലകളിൽ ഡി.എം.ഒമാരുടേയും കളക്ടർമാരുടേയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ചാലിപ്പറമ്പ് മണ്ണാറക്കൽ ഷാജിയാണ് (44) ബുധനാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
കരൾ സംബന്ധമായ രോഗം കൂടിയുണ്ടായിരുന്ന ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. കണ്ണൂരിൽ ഇൻഡസ്ട്രിയൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ സുന്ദരൻ. മാതാവ്: വിജയകുമാരി. ഭാര്യ: ബിന്ദു. മക്കൾ: അമൃത, ഷിബിൻ. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് പത്തുപേരാണ്.
പ്രതിരോധം
ഊർജിതമാക്കി
അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കെട്ടിക്കിടക്കുന്ന ജല സ്രോതസുകളും കുളങ്ങളും ക്ലീൻ ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർതീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണം. കുടിവെള്ള സ്രോതസുകൾ പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.