ശബരിമലയിലെ സ്വർണപ്പാളികൾ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയ സംഭവം; വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Friday 12 September 2025 7:00 AM IST

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിമാറ്റിയതിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വി രാജ, വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വർണപ്പാളികളിൽ ഇലക്ട്രോപ്ളേറ്റിംഗ് തുടങ്ങിക്കഴിഞ്ഞതിനാൽ ചെന്നൈയിൽ നിന്ന് ഇപ്പോൾ തിരികെയെത്തിക്കുന്നത് അസാദ്ധ്യമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.

സ്വർണം പൂശുന്ന രാസപ്രക്രിയയായ ഇലക്ട്രോപ്ളേറ്റിംഗ് സന്നിധാനത്തുവച്ച് ചെയ്യാനാവില്ല. അതുകൊണ്ടാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്‌പോൺസർ ചെയ്‌ത വ്യക്തിയുടെ സൗകര്യാർത്ഥമാണ് അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.

ബംഗളൂരുവിലെ ഉണ്ണികൃഷ്‌ണൻ എന്ന മലയാളി ഭക്തനാണ് സ്വർണപ്പാളികൾ സമർപ്പിച്ചത്. ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് 2019ൽ ഇത് പണിതു നൽകിയത്. 40 വർഷത്തെ വാറന്റിയുണ്ടായിരുന്നു.

സോപാനത്തിലേക്ക് ഭക്തർ നാണയങ്ങൾ വലിച്ചെറിയുമ്പോൾ ഈ ശില്പങ്ങളിൽ വന്നുകൊണ്ട് സ്വർണപ്പാളികൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതു പരിഹരിക്കണമെന്ന് തന്ത്രിമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 2023 മുതൽ ഉന്നയിക്കുന്ന ഈ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. കേടുപാട് പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. പതിനാറ് ഗ്രാം സ്വർണം മതിയെന്നാണ് തിട്ടപ്പെടുത്തിയത്.