തിരിച്ചുവരവിന്റെ അടയാളങ്ങൾ കാണിക്കുന്നു; രാജേഷ്‌ കേശവിന്റെ ആരോഗ്യവിവരം പങ്കുവച്ച് സുഹൃത്ത്

Friday 12 September 2025 7:54 AM IST

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരം പങ്കുവച്ച് ചലച്ചിത്ര പ്രവർത്തകനും സുഹൃത്തുമായ പ്രതാപ് ജയലക്ഷ്‌മി. രാജേഷ് ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. ബിപിയും, പൾസുമൊക്കെ നോർമൽ ആണെങ്കിലും ഹൃദയാഘാതത്തെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരിക്കാൻ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം.

നല്ല ചികിത്സയും, ആത്മാർത്ഥമായ പ്രാർത്ഥനയും, രാജേഷിന്റെ തിരിച്ചുവരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അർത്ഥമുണ്ടാകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 24ന് രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്നുവീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമ്മുടെ പ്രിയപ്പെട്ട രാജേഷ് കേശവിന്റെ ഇപ്പോഴത്തെ ആരോഗ്യ വിവരങ്ങൾ ഇതൊക്കെയാണ്

രാജേഷ് ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്, ബിപിയും, പൾസുമൊക്കെ നോർമൽ ആണെങ്കിലും ഹൃദയാഘാതത്തെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരികരിക്കാൻ കൂടുതൽ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക്‌ മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടർ പറയുന്നു.

രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടമാരുടെ ഒരു പാനൽ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും കുടുംബത്തിന് നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ദ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതൽ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടർമാർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിനെ ഐസിയുവിൽ നിന്നും റൂമിലേക്ക്‌ മാറ്റി ആരോഗ്യ നില stable ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കുന്നുള്ളു. നല്ല ചികിത്സയും, ആത്മാർത്ഥമായ പ്രാർത്ഥനയും, രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അർത്ഥമുണ്ടാകും . ഏറെ പ്രതീക്ഷയോടെ.