'ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു'; കടക്കെണിയിൽ ജെൻസന്റെ കുടുംബം

Friday 12 September 2025 8:32 AM IST

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയെ അന്ന് ചേർത്തുപിടിച്ച ജെൻസണെ മലയാളികൾ മറന്നുകാണില്ല. അച്ഛനും അമ്മയും കൂടപ്പിറപ്പും അടക്കം കുടുംബത്തിലെ ഒമ്പതുപേർ മരിച്ച ശ്രുതിയ്‌ക്കൊപ്പം തന്നെയായിരുന്നു പ്രതിശ്രുത വരനായിരുന്ന ജെൻസൺ എപ്പോഴും.

പത്തുവർഷത്തെ പ്രണയമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. വിവാഹം അടുത്തിരിക്കെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ശ്രുതിയെ കരകയറ്റിക്കൊണ്ടുവരുന്നതിനിടയിൽ അപകടത്തിൽ ജെൻസണും യാത്രയായി.

ജെൻസൺ മരിച്ച് വർഷം ഒന്നാകുമ്പോൾ കുടുംബം കടക്കെണിയിലാണ്. താമസിക്കുന്ന വീടുപോലും നഷ്ടമാകുമെന്ന ഭയത്തിലാണ് മാതാപിതാക്കൾ. വാട്ടർ ടാങ്കുകൾ ക്ലീൻ ചെയ്യുന്ന ജോലിയായിരുന്നു ജെൻസണ്.

ജോലി വിപുലീകരിക്കാനായി 2023ൽ മീനങ്ങാടി പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് ഏഴര ലക്ഷവും മറ്റ് രണ്ട് സൊസൈറ്റികളിൽ നിന്നായി നാല് ലക്ഷം രൂപയും ജെൻസൺ വായ്പയെടുത്തിരുന്നു. കൃത്യമായി തിരിച്ചടച്ചിരുന്നു. എന്നാൽ ജെൻസൺ പോയതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ വീട് നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് ജെൻസന്റെ പിതാവ് ജയൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മകനുണ്ടായിരുന്നെങ്കിൽ ഈയവസ്ഥ വരില്ലായിരുന്നുവെന്ന് ജയൻ പറഞ്ഞു. 'ഒരു വിട്ടുവീഴ്ചയുമില്ലാതെ അവൻ മാസം അടച്ചുപോയതാണ്. അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി. എന്നെക്കൊണ്ട് അടക്കാൻ കഴിയുന്നുമില്ല. അവന്റെ തൊഴിൽ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കാതായിപ്പോയി. ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു. അവന്റെ ആശ്രയം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ.'- ജയൻ പറഞ്ഞു.