ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ; പെരുവഴിയിലായി യാത്രക്കാർ, ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
മലപ്പുറം: ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ. വഴിക്കടവ് - ബംഗളൂരു റൂട്ടിലാണ് സംഭവം. യാത്രക്കാർക്ക് അഞ്ച് മണിക്കൂറോളം വഴിയിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും യാത്രക്കാർ പുറത്തുവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് സ്വകാര്യ ട്രാവൽ ഏജൻസിയുടെ ബസിലായിരുന്നു സംഭവം. ഈ സമയം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. തിരുപ്പതി എത്തിയതോടെ ഡ്രൈവർ ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇയാൾക്ക് എന്തെങ്കിലും അസുഖമായിരിക്കുമെന്നാണ് യാത്രക്കാർ ആദ്യം കരുതിയത്. എന്നാൽ, പരിശോധനയിൽ മദ്യപിച്ച് ബോധംകെട്ടതാണെന്ന് വ്യക്തമായി. ഇതോടെ യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരു സ്വദേശിയാണ് ഡ്രൈവർ. പിന്നീട് ട്രാവൽ ഏജൻസി മറ്റൊരു ഡ്രൈവറെ എത്തിച്ചാണ് യാത്ര തുടർന്നത്. മദ്യപിച്ചത് താൽക്കാലിക ഡ്രൈവറാണെന്നാണ് ഏജൻസി പറയുന്നത്. വഴിക്കടവ് മുതൽ ഇയാൾ മദ്യപിച്ചായിരുന്നു വാഹനമോടിച്ചത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ട്രാവൽ ഏജൻസിക്കെതിരെയും നടപടിയെടുക്കണമെന്ന് യാത്രക്കാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.