ദമ്പതികളുടെ കാറിന്റെ ഡോറിൽ മുട്ടി, ഗ്ലാസ് താഴ്‌ത്തിയതും അപരിചിതരായ പുരുഷന്മാർ ചെയ്തത്; എട്ടിന്റെ പണികൊടുത്ത് യുവതി
ഒട്ടുംപ്രതീക്ഷിക്കാത്ത സമയത്ത്, അപ്രതീക്ഷിതമായ രീതിയിലായിരിക്കും നമ്മൾ കബളിപ്പിക്കപ്പെടുക. അത്തരത്തിൽ തനിക്കും ഭർത്താവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മദ്ധ്യപ്രദേശിൽ നിന്നുള്ള യുവതി. ഷോപ്പിംഗ് കഴിഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് കാറിൽ പോകുകയായിരുന്നു യുവതിയും ഭർത്താവും. ഇതിനിടയിൽ രണ്ട് അപരിചിതർ കാർ തടഞ്ഞു. അവർ എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടതായിരിക്കാമെന്നും അതിനാൽ സഹായം ചോദിക്കാനായിരിക്കുമെന്ന് കരുതി കാർ നിർത്തി. എന്നാൽ അപരിചിതരുടെ ഉദ്ദേശം വേറെയായിരുന്നു.
അപരിചിതർ കാറിന്റെ ഡോറിൽ മുട്ടിയെന്ന് യുവതി പറയുന്നു. ദമ്പതികളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി വിവിധ ചോദ്യങ്ങൾ ചോദിച്ചു. കവർച്ചയ്ക്ക് ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് മോഷ്ടാക്കൾ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
പുരുഷന്മാർ കാറിന്റെ ജനാലകളിൽ മുട്ടാൻ തുടങ്ങി. ആദ്യം അവർ ഭർത്താവിനോട് വഴി ചോദിച്ചു. ഇതിനിടയിൽ യുവതി അവരുടെ ഭാഗത്തുള്ള ഗ്ലാസ് താഴ്‌ത്തി. എന്നാൽ യുവതി കാറിന്റെ ഗ്ലാസ് താഴ്ത്തിയ നിമിഷം, പുരുഷന്മാരിൽ ഒരാൾ ഫോൺ തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചു. എന്നാൽ മണ്ടനായ മോഷ്ടാവ് സ്വന്തം ഫോൺ പോക്കറ്റിലിട്ടുകൊണ്ടായിരുന്നു ഈ അഭ്യാസങ്ങളൊക്കെ കാണിച്ചത്.
തന്റെ ഫോൺ തട്ടിപ്പിടിച്ച് ഓടാൻ ശ്രമിച്ചപ്പോൾത്തന്നെ യുവതി മോഷ്ടാവിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു. അതൊരു ഐഫോണായിരുന്നു. യുവതിയുടെ ഫോൺ കൊണ്ടുപോകാൻ മോഷ്ടാവിന് സാധിച്ചില്ലെന്ന് മാത്രമല്ല ഐഫോൺ നഷ്ടമാകുകയും ചെയ്തു. ഈ ഐഫോണും യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ കാണിക്കുന്നുണ്ട്.