പൈലറ്റുമാർ ഒരിക്കലും പെർഫ്യൂം ഉപയോഗിക്കാൻ പാടില്ല; ഇനിയുമുണ്ട് ചില വെറൈറ്റി നിയമങ്ങൾ

Friday 12 September 2025 11:08 AM IST

വിമാനം പറത്തുന്നത് അത്ഭുതപ്പെടുത്തുന്നതും സാഹസം നിറഞ്ഞതുമായ പ്രവൃത്തിയാണ്. അതുകൊണ്ടുത്തന്നെ പൈല​റ്റുമാർ കർശനമായ നിയമങ്ങൾ പിന്തുടരേണ്ടതുണ്ട്. യാത്രക്കാരുടെയും മ​റ്റ് ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് പല നിയമങ്ങളും കൊണ്ടുവന്നിരിക്കുന്നത്. കോക്ക്പി​റ്റിലേക്ക് പ്രവേശിക്കുന്ന പൈല​റ്റുമാർ പെർഫ്യൂം ഉപയോഗിക്കരുതെന്ന കർശനനിയമം നിലനിൽക്കുന്നുണ്ട്. കേൾക്കുമ്പോൾ അസാധാരണമായി തോന്നാമെങ്കിലും ഡയറക്ടറേ​റ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ ( ഡിജിസിഎ) സുരക്ഷാ, ആരോഗ്യ മാർഗനിർദ്ദേശങ്ങളുടെ ഭാഗമാണിത്. ഈ നിയമത്തിനുപിന്നിലെ കാരണം എന്താണെന്ന് നോക്കാം.

ഡിജിസിഎയുടെ നിർദ്ദേശപ്രകാരം വിമാനം പറത്തുന്നതിന് മുന്നോടിയായി പൈല​റ്റുമാർ ബ്രെത്ത്‌ അനലൈസർ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്. പെർഫ്യൂമുകൾ, മൗത്ത് വാഷ്, ഹാൻഡ് സാനി​റ്റൈസറുകൾ തുടങ്ങിയവയിൽ ഈഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. അവ വേഗത്തിൽ ബാഷ്പീകരിക്കുകയും വായുവിൽ തങ്ങിനിൽക്കുകയും ചെയ്യും. ഇത് ബ്രെത്ത്‌ അനലൈസറിൽ തെ​റ്റായ റീഡിംഗ് രേഖപ്പെടുത്താൻ കാരണമാകും. അതുകൊണ്ടാണ് കോക്ക്പി​റ്റിൽ പ്രവേശിക്കുമ്പോൾ പെർഫ്യൂം പോലുളള വസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത്.

അടുത്തിടെ ക്യാപ്​റ്റൻ തോമർ അവധേഷ് ഈ നിയമവുമായി ബന്ധപ്പെട്ടുളള ഒരു വീഡിയോ ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഡിജിസിഎയുടെ പെർഫ്യൂം നിരോധന നിയമം പൈല​റ്റുമാർക്ക് ഇഷ്ടമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മിക്ക പൈല​റ്റുമാരും പെർഫ്യൂമുകൾ ഇഷ്ടപ്പെടുന്നവരാണെന്നും ഡ്യൂട്ടി ഫ്രീയിൽ നിന്ന് പല പെർഫ്യൂമുകളും വാങ്ങാറുണ്ടെന്നും അദ്ദേഹം പറയുന്നു. 'ബ്രെത്ത്‌ അനലൈസറിൽ 0.0001 ശതമാനം വരെയുളള ആൽക്കഹോളിന്റെ അംശം കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ പൈല​റ്റുമാർ പെർഫ്യൂം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്യും. ഇതോടെ കർശന നടപടിക്ക് വിധേയമാകേണ്ട അവസ്ഥയുണ്ടാകും'- അവധേഷ് വീഡിയോയിൽ കൂട്ടിച്ചേർത്തു.