'തിരക്കഥയൊരുക്കിയത് പൊലീസ്';ബിന്ദുവിനെതിരായ കേസിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Friday 12 September 2025 11:44 AM IST

തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനെ വ്യാജമോഷണക്കേസിൽ പ്രതിയാക്കിയ സംഭവത്തിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് പുറത്ത്.പൊലീസൊരുക്കിയ തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളളത്. കഴിഞ്ഞ ഏപ്രിൽ 23നാണ് വീട്ടിൽനിന്ന് സ്വർണമാല മോഷണം പോയതായി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.

വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്ന ബിന്ദുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്ത പൊലീസ്,​ ഒരു രാത്രി മുഴുവൻ അവരെ സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം 12 മണിവരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് കൂടുതൽ അന്വേഷണം നടന്നത്.

സ്വർണമാല സോഫയുടെ അടിയിൽ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയേലും മകള്‍ നിധി ഡാനിയേലും എസ്ഐ പ്രസാദിനോട് പറഞ്ഞിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാൽ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്ഐ പറഞ്ഞു. ചവർ കൂനയിൽ നിന്നും കിട്ടിയെന്ന് പറയാൻ എസ്ഐ പറഞ്ഞെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമാണ് ഓമന ഡാനിയേൽ മൊഴി നൽകിയത്. കേസില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഗ്രേഡ് എസ്ഐ എഡ്വിൻ മൊഴി എഴുതുകയും താൻ അതിൽ ഒപ്പിടുകയും ചെയ്തെന്നാണ് നിധി ഡാനിയേൽ പറഞ്ഞത്. ബിന്ദുവിനെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, ഓമന ഡാനിയേൽ എന്നിവർക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.