"കപ്പലണ്ടി വിറ്റുനടന്നയാൾ ഇന്ന് കോടീശ്വരൻ"; സിപിഎം ഉന്നതനെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ
തൃശൂർ: സി പി എം ഉന്നത നേതാവിന് കുരുക്കായി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്ത്. നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി മുന്നേറുന്നു. സി പി എം നേതാവ് എം കെ കണ്ണന് കോടികളുടെ സ്വത്തുണ്ടെന്നും രാഷ്ട്രീയം കൊണ്ടുമാത്രം രക്ഷപ്പെട്ടുവെന്നുമാണ് ശബ്ദരേഖയിലുള്ളത്. അഞ്ച് വർഷം മുമ്പുള്ള ശബ്ദ രേഖയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'സി പി എമ്മിന്റെ ജില്ലാ നേതൃത്വത്തിലുള്ള ആർക്കാണ് സാമ്പത്തിക പ്രശ്നമുള്ളത്? ആർക്കുമുണ്ടാകില്ല. ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും. ഏരിയ സെക്രട്ടരി ഒരു മാസം പിരിവ് നടത്തിയാൽ പരമാവധി പതിനായിരം രൂപ കിട്ടും. ജില്ലാ ഭാരവാഹിയായാൽ ഇരുപത്തി അയ്യായിരത്തിന് മുകളിലാകും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ എഴുപത്തി അയ്യായിരമോ ഒരു ലക്ഷമോ കിട്ടും. അപ്പോൾ ഇടപെടുന്ന സാമ്പത്തിക നില മാറി.
എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. ഇവരൊക്കെ അവരവരുടെ കാര്യം നോക്കാൻ മിടുക്കരാണ്. കണ്ണൻ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. കപ്പലണ്ടി കച്ചവടമായിരുന്നു. ആ ആളാണ് ഇന്ന് കാണുന്ന രീതിയിലെത്തിത്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്നയാളാണ് എ സി മൊയ്തീൻ.'- എന്നാണ് ശരത്തിന്റെ ശബ്ദരേഖയിലുള്ളത്.