'മാറുന്ന കാലത്തിനനുസരിച്ച് സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തും', അർബൻ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

Friday 12 September 2025 1:53 PM IST

കൊച്ചി: ‘കേരള അർബൻ കോൺക്ലേവ് 2025’ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീലങ്ക, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ പങ്കുചേരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയിയിൽ കുറിച്ചു. കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നവീന മാതൃകകള്‍ കണ്ടെത്തുകയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

'സമ്പൂർണ്ണ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായുള്ള ‘കേരള അർബൻ കോൺക്ലേവ് 2025’ ഉദ്‌ഘാടനം ചെയ്തു. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ശ്രീലങ്ക, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ദ്ധരും പങ്കുചേരും.

നമ്മുടെ നഗര വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെ മുകളിലാണ്. വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല കേരളത്തിൽ നഗരവൽക്കരണം നടക്കുന്നത്. പരമ്പരാഗത കാലം മുതല്‍ വിദേശ രാജ്യങ്ങളുമായി നിലനിന്നിരുന്ന വാണിജ്യബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയര്‍ന്ന ജീവിതനിലവാരം, താരതമ്യേന മെച്ചപ്പെട്ട വരുമാന നിലവാരം, ഉയര്‍ന്ന ജീവിത സൗകര്യങ്ങളോടുള്ള ആഭിമുഖ്യം, കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയെല്ലാം അതിനു കാരണമായിട്ടുണ്ട്.

ഈ അടിസ്ഥാനത്തില്‍ നഗരവൽക്കരണത്തെ സമീപിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ. കേരളത്തിന്റെ പൊതു വികസന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി തന്നെയാണ് നഗരവല്‍ക്കരണത്തെയും കാണുന്നത്. ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനും നമുക്ക് കഴിയണം. അതിന്റെ ഭാഗമായിക്കൂടിയാണ് ‘നവകേരളം’ എന്ന ഒരു കാഴ്ചപ്പാട് നമ്മള്‍ മുന്നോട്ടുവച്ചത്.

സാമൂഹിക വികസനത്തില്‍ സംസ്ഥാനം നേടിയ നേട്ടങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോവുക, നഗരവല്‍ക്കരണം ഏല്‍പ്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നവീന മാതൃകകള്‍ കണ്ടെത്തുക എന്നിവയാണ് അതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്.

ഈ പശ്ചാത്തലത്തിൽ നഗരവൽക്കരണത്തിന്റെ വിവിധ മാനങ്ങളെ കുറിച്ച് പഠിക്കാൻ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിശദമായ ചര്‍ച്ച ഈ കോണ്‍ക്ലേവിന്റെ ഭാഗമായി ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നാം നേടിയ സാമൂഹിക പുരോഗതിയെ കൂടുതൽ നിറവോടെ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം നഗരവൽക്കരണം തുറന്നുതരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനെ പറ്റിയുള്ള സംവാദങ്ങളും ഈ വേദിയിൽ ഉയരും.