ഗ്യാങ് മേക്കർ
അവതരണ ശൈലിയിൽ പുതുമ നിറഞ്ഞതാണ് വൃത്താകൃതിയിലുള്ള ചതുരവും ആവാസവ്യൂഹവും പുരുഷ പ്രേതവും. വേറിട്ട കാഴ്ചപ്പാടിൽ എത്തുന്ന ക്രിഷാന്ത് സിനിമകൾ കണ്ടിറങ്ങിയ ശേഷമാകും പ്രേക്ഷകർ കൂടുതൽ ചിന്തിപ്പിക്കുക. തിരുവനന്തപുരം നഗര പശ്ചാത്തലമാക്കി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി കൃഷാന്ത് സംവിധാനം ചെയ്ത ഡാർക് ആക്ഷൻ കോമഡി വെബ് സീരിസ് ' ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗ്യാങ് "സോണി ലിവിൽ മനം കീഴടക്കുന്നു. ഒരു ചേരിയിൽ ജീവിക്കുന്ന അഞ്ചു യുവാക്കളിലൂടെ സഞ്ചരിക്കുന്ന പ്രമേയം.ജഗദീഷ്, വിജയരാഘവൻ , ഇന്ദ്രൻസ് , നിരഞ്ജ് മണിയൻപിള്ള രാജു, സഞ്ജു ശിവറാം, അലക്സാണ്ടർ പ്രശാന്ത്, ശാന്തി ബാലചന്ദ്രൻ ഉൾപ്പെടെ വൻതാരനിരയിൽ എത്തുന്നസീരിസിന്റെ വിശേഷങ്ങൾ ക്രിഷാന്ത് പങ്കിടുന്നു.
ഡാർക് ഹ്യൂമറിൽ കഥ പറയുന്നതും എപ്പോഴും ടൈറ്റിൽ ശ്രദ്ധേയമായി മാറുന്നതും എന്തായിരിക്കും കാരണം? എന്റെ ഒരു കഥപറച്ചിൽ രീതി പെട്ടെന്ന് മനസിലാക്കാനാവില്ല എന്നൊരു അഭിപ്രായം പൊതുവെ ഉണ്ടായി. അതുകൊണ്ട് കൂടുതൽ മികച്ചതാക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ തലക്കെട്ടിനും ഒരു അർത്ഥം മാത്രമല്ലാതെ വീണ്ടും നോക്കുമ്പോൾ വ്യത്യസ്തമായ അർഥം വരുന്നതും നല്ലതായി തോന്നി. കഥപറച്ചിൽ രീതിയിൽ എന്തെങ്കിലും ഉണ്ടെങ്കിലേ പൊതുവേ എനിക്ക് സിനിമകൾ കാണാനൊരു താത്പര്യം ഉണ്ടാകുകയുള്ളു. അപ്പോൾ അത്തരം ശ്രമങ്ങൾ കൂടുതൽ നടത്തി. പിന്നെ സിനിമയുടെ മേക്കിംഗും ആഖ്യാനരീതിയും എല്ലാം കൂടി ചേരുമ്പോൾ പഴയ കഥ തന്നെയാണെങ്കിലും പുതിയ രീതിയിൽ അവതരിപ്പിച്ചപ്പോൾ വ്യത്യസ്തമായി. 4.5 ഗ്യാങ് ശരിക്കും ഡാർക് ഹ്യൂമർ അല്ലെങ്കിൽ ഗ്യാങ്സ്റ്റർ കോമഡിയിൽ എടുത്തതാണ്. എന്റെ ഹ്യൂമറുകളും പൊതുവെ ഡാർക് ഹ്യൂമർ വിഭാഗത്തിൽപ്പെടുന്നവയാണ്. ഒരു പക്ഷേ പഴയകാലത്തിൽ നിന്ന് വരുന്നതും സ്വയം നിന്ദിക്കുന്നതുമായ തമാശകളാണ് ഡാർക് ഹ്യൂമറിന്റെ രീതി. ഇതൊരു ഗ്യാങ്സ്റ്റർ ചിത്രം ആകുമ്പോൾ തന്നെ പിന്നെ വയലൻസിനെ ആഘോഷിക്കാതെ അതിനെ പരിഹാസ രൂപേണ അവതരിപ്പിച്ചാൽ അതിലൂടെ ചിത്രത്തിന് വേറൊരു സൈഡ് കിട്ടും. ഞാൻ വരുന്നതും സാമ്പത്തികമായി വലിയ ചുറ്റുപാടിൽ നിന്നല്ല. പിന്നെ കഥയുടെ രീതി അനുസരിച്ച് നോക്കുമ്പോൾ ഹ്യൂമർ ആണ് ഏറ്റവും നല്ലതെന്ന് തോന്നി.
4. 5 ഗ്യാങ് സീരിസ് ആയി ചെയ്യാൻ ആയിരുന്നോ തീരുമാനം ? ആലോചന തുടങ്ങുമ്പോൾ മുതൽ തന്നെ സീരിസ് ആയി ചെയ്യാനാണ് തീരുമാനിച്ചത്. പ്ളോട്ട് മനസിൽ വരുന്നത് 2014ൽ ആണ്. ആ സമയത്ത് എട്ട് എപ്പിസോഡ് വരുന്ന സീരിസായി ചെയ്യാനാണ് തീരുമാനിച്ചത്. എന്റെ ചുറ്റവട്ടത്തു നിന്നും എനിക്ക് അറിയാവുന്ന ആളുകളിൽ നിന്നുമൊക്കെ ശേഖരിച്ച കഥയാണ്. അതിന്റെ ഒരു വ്യാപ്തി നോക്കുമ്പോൾ രണ്ട് ഭാഗങ്ങളായ സിനിമ എന്ന ചിന്ത വന്നെങ്കിലും സീരിസ് മതി എന്ന തീരുമാനത്തിൽ എത്തി. ഇതിലെ ചെറിയ ചെറിയ കഥാപാത്രങ്ങൾക്കുംവില്ലന്മാർക്കും സീരിസ് ആണ് നല്ലതെന്ന് തോന്നി.
ബഡ്ജറ്റിന്റെ പരിമിതിയിൽ എങ്ങനെ സിനിമ ചെയ്യാൻ സാധിക്കുന്നു ? ഒരു പ്രോജക്ട് എഴുതി തയ്യാറാക്കുമ്പോൾ തന്നെ അതിനു വേണ്ട ബഡ്ജറ്റ് എത്രയാണെന്ന് തീരുമാനിക്കും. ആവശ്യമായ ബഡ്ജറ്റ് ലഭിച്ചില്ലെങ്കിൽ അതുമായി മുന്നോട്ട് പോകാൻ ശ്രമിക്കില്ല. ആ സിനിമയെ ലഭ്യമായ ബഡ്ജറ്റിലേക്ക് ചുരുക്കി എടുക്കാൻ നോക്കാറില്ല. കൈവശമുള്ള ബഡ്ജറ്റിന് അനുസരിച്ചാണ് സിനിമ എടുക്കാൻ നോക്കുന്നത്. അതുകൊണ്ട് തന്നെ ബഡ്ജറ്റ് ഇതുവരെ പരിമിതിയായി തോന്നിയില്ല. ആവശ്യമായ ബഡ്ജറ്റ് എനിക്ക് ഇതുവരെ ചെയ്ത സിനിമകളിൽ എല്ലാം കിട്ടിയിട്ടുണ്ട്. വലിയ ബിഗ് ബഡ്ജറ്റ് പരിപാടികൾക്ക് പണം ലഭിക്കാത്തത് കൊണ്ട് അത് ചെയ്യുന്നുമില്ല.