സിപിഎം നേതാക്കള്‍ ജനങ്ങളുടെ ചോര കുടിച്ച് ചീര്‍ത്ത അട്ടകള്‍: വി. മുരളീധരന്‍
തിരുവനന്തപുരം: കേരളത്തിലെ സിപിഎം തടിച്ചുകൊഴുത്തത് എങ്ങനെയെന്നതിന്റെ നേര്‍സാക്ഷ്യമാണ് തൃശൂരിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കരുവന്നൂരില്‍ ബിജെപി പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് തെളിയുകയാണ്. ജനങ്ങളുടെ ചോര കുടിച്ചു ചീര്‍ക്കുന്ന അട്ടകളായി സിപിഎം മാറി. ഏരിയാ സെക്രട്ടറി മുതല്‍ സംസ്ഥാന കമ്മിറ്റിയംഗം വരെ ജനത്തെ പിഴിഞ്ഞ് കീശ വീര്‍പ്പിക്കുയാണ് എന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന നേതാവ് എം.കെ കണ്ണന്‍ കോടീശ്വരനായി മാറി എന്നത് അദ്ഭുതപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ എങ്ങനെയാണ് മാസപ്പടി വാങ്ങുന്നത് എന്ന് കേരളം കണ്ടതാണെന്നും വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും നാണംകെട്ട സര്‍ക്കാരും പാര്‍ട്ടിയുമായി സിപിഎം മാറിയെന്നും അദ്ദേഹം ആരോപിച്ചു.
അയ്യപ്പസംഗമം മറ്റൊരു ലോകകേരളസഭ
അഴിമതിയും വികസനമുരടിപ്പുമായി മുഖംനഷ്ടപ്പെട്ട പിണറായി സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുകയാണെന്ന് വി. മുരളീധരന്‍. അയ്യപ്പസംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം കൂടി നടത്തുന്നത് ഒന്നാന്തരം പ്രഹസനമാണ്.ലോകകേരള സഭയുടെ മറ്റൊരു പതിപ്പ് മാത്രമാണ് അയ്യപ്പ സംഗമം. തെരഞ്ഞെടുപ്പിന് വേണ്ടി പണപ്പിരിവാണ് ലക്ഷ്യം. ശബരിമലക്ക് വേണ്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ പോലുമില്ലാത്തവരാണ് ഇതിനായി ഇറങ്ങുന്നത്. കഴിഞ്ഞ 9 വര്‍ഷമായി ഭൂരിപക്ഷങ്ങളുടെയും ന്യൂനപക്ഷങ്ങളെയും കുറിച്ചൊന്നും സിപിഎമ്മിന് ആശങ്കയുണ്ടായിരുന്നില്ലേ എന്നും വി.മുരളീധരന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനത്തെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് നീക്കം. ന്യൂനപക്ഷ-ഭൂരിപക്ഷ സംഗമമെന്നെല്ലാമുള്ള നാടകം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.തൃശൂരിലെ ഒരു ക്ഷേത്രപൂജാരിയെ കുനിച്ചുനിര്‍ത്തി ഇടിക്കുന്ന ദൃശ്യം വന്നതിന് പിന്നാലെ നിരവധി പരാതികള്‍ വന്നു. സ്ത്രീകളും വയോധികരുമെല്ലാം കേരള പൊലീസിന്റെ അടിയുടെ ചൂട് അറിഞ്ഞു.പലസ്തീനെപ്പറ്റിയും നേപ്പാളിനെപ്പറ്റിയും മിണ്ടുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഇതില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ അമ്മയെ കോണ്‍ഗ്രസ് അവഹേളിച്ചു
പ്രധാനമന്ത്രിയുടെ മാതാവിനെപ്പോലും അവഹേളിക്കുന്ന നീചമായ രാഷ്ട്രീയം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് വി.മുരളീധരന്‍. രാഷ്ട്രീയത്തെ കുടുംബവുമായി കൂട്ടിയോജിപ്പിക്കുന്ന കോണ്‍ഗ്രസ് സമീപനം നരേന്ദ്രമോദിക്ക് ഇല്ല. രാഷ്ട്രീയവും വികസനവും പറഞ്ഞ് വോട്ടുതേടാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും അത് തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവോട്ടര്‍പട്ടിക പരിഷ്‌കകരണം കേരളത്തിലും നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റെയും കള്ളവോട്ട് പരിപാടി അതോടെ ഇല്ലാതാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.