ആഗോള അയ്യപ്പ സംഗമം നടത്തേണ്ടത് വിശ്വാസികളെ പ്രധാന സ്ഥാനങ്ങളിൽ ചേർത്ത് നിർത്തി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്

Friday 12 September 2025 7:13 PM IST

തിരുവനന്തപുരം: വിശ്വാസികളെ പ്രധാന സ്ഥാനങ്ങളിൽ ചേർത്ത് നിർത്തി വേണം ദേവസ്വം ബോർഡും സർക്കാരും ആഗോള അയ്യപ്പ സംഗമം നടത്തേണ്ടതെന്ന് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്. ഭഗവാന്റെ മുന്നിൽ നിന്ന് കൈകൂപ്പാൻ പോലും മടി കാണിക്കുന്നവർക്ക് എന്ത് വിശ്വാസമാണ് അയ്യപ്പ ഭക്തരോട് പറയുവാനുള്ളതെന്ന് വ്യക്തമാക്കണം.

വിശ്വാസികൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ഒരു പക്ഷേ മറന്നേക്കും. പക്ഷെ ഇപ്പോഴും കേസ്സിൽ ഉൾപ്പെട്ട ആയിരകണക്കിന് അയ്യപ്പ വിശ്വാസികളായ ഭക്തരെ കേസ്സിൽ നിന്ന് മുക്തമാക്കുമോ എന്നും ഇലക്ഷന് തൊട്ടു മുമ്പ് ഇങ്ങനെ ഒരു ആഘോഷമെന്തിനെന്നും സർക്കാർ വ്യക്തമാക്കണം. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് അയ്യപ്പ തത്ത്വങ്ങൾക്കും വിശ്വാസികൾക്കും പന്തളം കൊട്ടാരത്തോടുമൊപ്പമാണ്. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ഹൈദ്രാബാദ് (രാമന്തപൂർ) സമിതിയിൽ നിന്ന് റീജണൽ ഡയറക്ടർ കെ.പി. ശാന്തയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെട്ട 41 അയ്യപ്പ ഭക്തർ പന്തളം കൊട്ടാരത്തിലും, കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലുമായി തിങ്കളാഴ്ച രാവിലെയോടെ അയ്യപ്പ വിശ്വാസങ്ങൾക്കും പന്തളം കൊട്ടാരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിച്ചേരുന്നുണ്ടെന്നും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.മോഹൻകുമാർ വാർത്താക്കുറുപ്പിൽ അറിയിച്ചു.