അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് അടുപ്പിൽ അഗ്നിപകർന്നു

Friday 12 September 2025 9:34 PM IST

ആറന്മുള : ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ഊട്ടുപുരയിൽ അഗ്നിപകർന്നു. ഇന്നലെ രാവിലെ 9.30 ന് ക്ഷേത്രശ്രീകോവിലിൽ നിന്ന് പകർന്ന ഭദ്രദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി .സാംബദേവൻ ഏറ്റുവാങ്ങി .വഞ്ചിപ്പാട്ടോടെ ഊട്ടുപുരയിൽ എത്തി നിലവിളക്കിൽ അഗ്നിപകർന്നു. തുടർന്ന് അടുപ്പിലേക്ക് അഗ്നി പകർന്ന് പാചകത്തിന് തുടക്കം കുറിച്ചു. കൺവീനർ പുതുകുളങ്ങര സുരേഷിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.. ഞായറാഴ്ച രാവിലെ 10.30ന് ദേവസ്വം മന്ത്രി വി .എൻ .വാസവൻ വള്ളസദ്യ ഉദ്ഘാടനംചെയ്യും. 11.30ന് 52 പള്ളിയോടങ്ങളിലായി കരക്കാർ ക്ഷേത്രാങ്കണത്തിൽ എത്തും. അന്ന് ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും സദ്യം നൽകും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ ഉണ്ടാകും. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് മറ്റ് ഭക്തജനങ്ങൾക്കുമാണ് സദ്യ വിളമ്പുന്നത് . സന്തോഷ് നായർ തിരുവമ്പാടി എന്ന ഭക്തനാണ് 501 പറ അരി സംഭാവനയായി നൽകിയത്. സംഭാവന നൽകുന്നവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ ക്രമീകരിച്ചിട്ടുള്ളത്. കരയിലെ വിശിഷ്ട വ്യക്തികൾക്ക് വിനായക ഓഡിറ്റോറിയത്തിൽ സദ്യ നൽകും. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് ഇന്ന് രാവിലെ 10 ന് ഘോഷയാത്രയായി എത്തിക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ .രേവതി , പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ട്രഷറർ രമേശ് മാലിമേൽ, അരി വഴിപാടായി സമർപ്പിച്ച സന്തോഷ് നായർ, കൺവീനർ പുതുക്കുളങ്ങരസുരേഷ്, നിർവാഹ സമിതിയംഗം രവീന്ദ്രൻ നായർ, ഹരിചന്ദ്രൻ, കെ.എസ്.സുരേഷ് കുമാർ, അജയ് ഗോപിനാഥ്, ബി.കൃഷ്ണകുമാർ, ഡോ. സുരേഷ്, പാർത്ഥസാരഥി ആർ.പിള്ള, റ്റി.കെ.രവീന്ദ്രൻനായർ, വിജയകുമാർ, ശശികണ്ണങ്കേരി, മാലക്കര ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകും.