എലികളെപ്പോലെ മനുഷ്യരെ പുകച്ചു ചാടിക്കുന്നത് മാന്യതയല്ല, വിമർശനവുമായി ജസ്റ്റിസ് ഉദയഭാനു
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സർക്കാർ നടപടിയെ വിമർശിച്ച് ഹെെക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.ആർ ഉദയഭാനു രംഗത്തെത്തി. ഇരുട്ടത്ത് വെള്ളവും വെളിച്ചവും ഇല്ലാതാക്കിയത് മനുഷ്യാവാകാശ ലംഘനമാണെന്ന് ഉദയഭാനു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. "എലികളെപ്പോലെ മനുഷ്യരെ പുകച്ചു പുറത്തുചാടിക്കുന്നത് ഒരു സർക്കാരിന് ചേർന്ന മാന്യതയല്ല.
ചീഫ് സെക്രട്ടറിയെ ജയിലിൽ അയച്ചിട്ടായാൽ പോലും ബദൽ മാർഗം തേടുന്നതിന് സർക്കാർ നടപടി സ്വീകരിക്കേണ്ടിയിരുന്നു. സർക്കാരിന്റെ ശക്തമായ നടപടികൾ ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയേനെ" എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇന്ന് രാവിലെയാണ് മരടിലെ നാല് ഫ്ളാറ്റുകളിൽ സർക്കാർ നടപടികൾ ആരംഭിച്ചത്. പുലർച്ചെ മൂന്നുമണിയോടെ എത്തിയ വൈദ്യുതി ബോർഡ് സംഘം വൈദ്യുതി വിച്ഛേദിച്ചു. ഇതിന് പിന്നാലെയാണ് ജല അതോറിറ്റി ജീവനക്കാരെത്തി കുടിവെള്ള വിതരണവും നിറുത്തിവച്ചത്.