കൂടൽമാണിക്യം കഴകം അനുരാഗിന്, തുണയായി ഹൈക്കോടതി , പാരമ്പര്യവാദികൾക്ക് തിരിച്ചടി
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ഈഴവ സമുദായാംഗമായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസം നീക്കി ഹൈക്കോടതി. അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗ് നിയമനം കാത്തിരിക്കുകയാണ്.
കൂടൽമാണിക്യം ദേവസ്വത്തിന് നിയമന നടപടികൾ തുടരാമെന്ന് കോടതി പറഞ്ഞു. നിയമന ഉത്തരവ് ഉടനെ നൽകാൻ ദേവസ്വം സ്റ്റാൻഡിംഗ് കോൺസൽ അഡ്വ.എൻ.എൻ. സുഗുണപാലൻ ഇന്നലെ തന്നെ ബോർഡിന് നിയമോപദേശം നൽകി.
അതേസമയം, നിയമനം സിവിൽ കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും അവിടെയാണ് എതിർപ്പുള്ളവർ വിഷയം ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
കഴകം നിയമനം പാരമ്പര്യാവകാശമാണെന്ന വാദവുമായി തെക്കേവാര്യത്തെ ടി.വി. ഹരികൃഷ്ണൻ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിന്റെ വിപുലമായ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കഴകം ആചാരപരമായ പ്രവൃത്തിയാണോ അല്ലയോ എന്നതാണ് തീർപ്പാക്കേണ്ട പ്രധാന വിഷയം. ആചാരപരമാണെങ്കിൽ ക്ഷേത്രം തന്ത്രി ഉൾപ്പെട്ട സമിതിയാണ് നിയമനം നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രാചാരങ്ങളിലും ആത്മീയ കാര്യങ്ങളിലും തന്ത്രിയാണ് അവസാന വാക്കെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കഴകം ഏതു തരത്തിലുള്ളതാണെന്ന് തീർപ്പാക്കേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിൽ സിവിൽ കോടതിയാണ്. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന നടപടികളിൽ കോടതി ഇടപെട്ടില്ല.
ക്ഷേത്രവുമായി ബന്ധപ്പെട്ട ആറ് തന്ത്രിമാരും നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗും കക്ഷിചേർന്നിരുന്നു. കൂടൽമാണിക്യം ദേവസ്വത്തിനായി അഡ്വ. എൻ.എൻ. സുഗുണപാലനും അനുരാഗിനായി അഡ്വ. രഞ്ജിത് തമ്പാനും ഹാജരായി.
ദേവസ്വം ഭരണസമിതി
യോഗം ഇന്ന്
ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ കൂടൽമാണിക്യം ദേവസ്വം ഭരണ സമിതി ഇന്ന് പത്തിന് അടിയന്തര യോഗം ചേരുന്നുണ്ട്. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും അനുരാഗിന് നിയമനം നൽകാൻ തീരുമാനിക്കുമെന്നാണ് സൂചന.
അനുരാഗിന്റെ നിയമനകാര്യത്തിൽ ഇന്ന് ചേരുന്ന ദേവസ്വം യോഗം ഉചിതമായ തീരുമാനമെടുക്കും
അഡ്വ.സി.കെ. ഗോപി
ചെയർമാൻ, കൂടൽമാണിക്യം ദേവസ്വം
ജാതിക്കളി അവസാനിപ്പിച്ച് അനുരാഗിന് ഉടൻ നിയമനം നൽകണം. 21-ാം നൂറ്റാണ്ടിലും അനാചാരങ്ങളുമായി നടക്കുന്നവർക്കെതിരെ കേസെടുക്കണം
-വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി,
എസ്.എൻ.ഡി.പി. യോഗം
വിവാദമായ ബഹിഷ്കരണം
റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവച്ച ഒഴിവിലേക്കാണ് അനുരാഗിനെ പരിഗണിക്കുന്നത്. ഈഴവ സമുദായക്കാരനായ ബാലു ഫെബ്രുവരി 24ന് ജോലിക്കെത്തിയതോടെ തന്ത്രിമാർ ക്ഷേത്രബഹിഷ്കരണ സമരം നടത്തി. തുടർന്ന് ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റി. ഇക്കാര്യം കേരളകൗമുദി പുറത്തുകൊണ്ടുവന്നതോടെ വിവാദമായി. ഏപ്രിൽ ഒന്നിന് ബാലു രാജി സമർപ്പിച്ചു.